മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം അവിസ്മരണീയമായി

09:58 pm 29/9/2016

– ജീമോന്‍ റാന്നി
Newsimg1_15031673
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ‘ഓണം 2016′ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 24-ന് ശനിയാഴ്ച മിസൂറി സിറ്റിയിലെ എല്‍ക്കിന്‍സ് ഹൈസ്കൂളിലെ മനോഹരമായ ഓഡിറ്റോറിയത്തില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

രാവിലെ 11 മണിക്ക് താലപ്പൊലിയുടേയും, പഞ്ചാവാദ്യമേളങ്ങളുടേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു.

പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ, ഗൃഹാതുരത്വ സ്മരണകളെ തൊട്ടുണര്‍ത്തി ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സിലേയും, സുനന്ദാ പെര്‍ഫോമിംഗ് ആര്‍ട്‌സിലേയും തരുണീമണികള്‍ അവതരിപ്പിച്ച തിരുവാതിര നൃത്തങ്ങളോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു.

തുടര്‍ന്ന് “മാവേലിതമ്പൂരാന്‍’ ഹാളില്‍ തിങ്ങിനിറഞ്ഞുനിന്ന കാണികള്‍ക്ക് സുന്ദരമായ ഓണം ആശംസിച്ചു. ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്‍കൂടിയായ റെനി കവലിയിലിന്റെ “മാവേലിവേഷം’ ഏറെ ശ്രദ്ധിക്കപ്പെട്ടു.

മാഗ് വൈസ് പ്രസിഡന്റ് തോമസ് ചെറുകര എം.സിമാരായ മഞ്ജു മോഹന്‍, കിരണ്‍ കുമാര്‍ എന്നിവരെ സദസിന് പരിചയപ്പെടുത്തി. വിശിഷ്ടാതിഥി ഡൊണാള്‍ഡ് റിച്ചാര്‍ഡ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‌സില്‍മാന്‍ കെന്‍ മാത്യു, മാഗിന്റെ ഭാരവാഹികള്‍, ഹരി നമ്പൂതിരി, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. അസോസിയേഷന്‍ സെക്രട്ടറി അനില്‍ ജനാര്‍ദ്ദനന്‍ സ്വാഗത പ്രസംഗവും പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് മുഖ്യാതിഥി യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിന്‍ സൗത്ത് ഏഷ്യന്‍ അഫയേഴ്‌സ് പ്രൊഫസര്‍ ഡൊണാള്‍ഡ് റിച്ചാര്‍ഡ് ഡേവിഡ് ഓണാശംസകള്‍ നേര്‍ന്നു. കേരളത്തേയും, മലയാള ഭാഷാ സംസ്കാരത്തേയും നെഞ്ചോടു ചേര്‍ത്ത് സ്‌നേഹിക്കുന്ന ഡൊണാള്‍ഡിന്റെ പ്രസംഗം ഭൂരിഭാഗവും മലയാളത്തിലായിരുന്നുവെന്നത് ഏവരേയും അത്ഭുതപ്പെടുത്തി.

മാഗിന്റെ 2015 സുവനീറിന്റെ പ്രകാശനം മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ കോരന്‍ കെന്‍ മാത്യുവിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. അതിനുശേഷം അടിപൊളി കലാപരിപാടികളുമായി ഹൂസ്റ്റണിലെ കലാകാരന്മാരും കലാകാരികളും വേദിയെ സമ്പന്നമാക്കി.

സുനന്ദാ പെര്‍ഫോമിംഗ് ആര്‍ട്‌സിലേയും ലക്ഷ്മി ഡാന്‍സ് അക്കാഡമിയിലേയും നര്‍ത്തകര്‍ നൃത്തവുമായി വേദി കൈയ്യടക്കിയപ്പോള്‍ കിടിലന്‍ ഗാനങ്ങളുമായി ഷിബു ജോണ്‍, അനില്‍ ജനാര്‍ദ്ദനന്‍, ഷിനോ ഏബ്രഹാം തുടങ്ങിയവര്‍ ജനങ്ങളുടെ നിറഞ്ഞ കൈയ്യടി നേടി.

കലാഭവന്‍ ജയന്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത് ശൈലിയിലുള്ള വണ്‍മാന്‍ഷോ, സാബു തിരുവല്ലയുടെ കോമഡി ഷോ, റെനി കവലിയിലും റോയി തീയാടിക്കലും ചേര്‍ന്ന് അവതരിപ്പിച്ച സ്കിറ്റ് തുടങ്ങിയ ഓണാഘോഷത്തെ വേറിട്ടതും മികവുറ്റതുമാക്കി.

വിഭവസമൃദ്ധമായ ഓണസദ്യ 1300-ല്‍പ്പരം പേര്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ചത്, കേരളത്തിന്റെ തനത് രുചി ആസ്വദിച്ചതിനൊപ്പം, കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും അനുഭവിച്ചറിയാനുള്ള വേദികൂടിയായി മാറി. എല്‍സി ജോസ് നന്ദി പ്രകാശിപ്പിച്ചു.