മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും ഒക്‌ടോബര്‍ 5-ന് കൈകോര്‍ക്കുന്നു

09;20 am 3/10/2016

സുധാ കര്‍ത്താ
Newsimg1_40251753
ഫിലാഡല്‍ഫിയ: കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും, സമൂഹത്തിനു നീതിപാലനം ഉറപ്പാക്കാനും മലയാളി സമൂഹവും ഫിലാഡല്‍ഫിയ പോലീസും സംയുക്തമായി ഒത്തുചേരുന്നു. ഒക്‌ടോബര്‍ 5-ന് ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റിലുള്ള അതിഥി റെസ്റ്റോറന്റിലാണ് (9321 ക്രൂസ് ടൗണ്‍ റോഡ്) ഈ ഒത്തുചേരല്‍. ഫിലാഡല്‍ഫിയയില്‍ മലയാളി കുടുംബങ്ങളെ മാത്രം ലാക്കാക്കി സ്വര്‍ണ്ണാഭരണ കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഒറ്റയ്ക്കും അല്ലാതെയും വര്‍ഗ്ഗീധിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. രാത്രി ജോലിക്കുപോകുന്നവരും തിരിച്ചു വരുന്നവര്‍ക്കുമെതിരേ കരുതിക്കൂട്ടി കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നികുതി പിരിവുകാരെന്ന വ്യാജേന ഫോണ്‍ കോളിലൂടെ ഭീഷണിപ്പെടുത്തി പല മലയാളി കുടുംബങ്ങളേയും ഇതിനോടകം കബളിപ്പിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിനു നേരിടേണ്ടിവന്ന വെല്ലുവിളികളാണിതെല്ലാം. കുറ്റകൃത്യങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കുക, എങ്ങനെയാണ് അവ നിയമപാലകരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക, അവര്‍ക്കുള്ള സംരക്ഷണമെന്താണ്, ഒരു പരാതി രേഖപ്പെടുത്തിയാല്‍ അതിന്റെ തുടര്‍ നടപടികളെന്താണ്, നീതി ഉറപ്പാക്കുന്ന രീതി എങ്ങനെയാണ്? തുടങ്ങിയ മേഖലകളില്‍ ബോധവത്കരണം നടത്തുകയാണ് ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം. ബിസിനസ്സിലേര്‍പ്പെടുന്ന മലയാളികള്‍ക്ക് ഇതിനുപുറമെയാണ് വെല്ലുവിളികള്‍. ചില വംശീയ സാന്ദ്രതയുള്ള മേഖലയില്‍ മുഖംമൂടി കവര്‍ച്ച, സ്ഥിരമായി ഭീഷണിയുയര്‍ത്തല്‍, കടയടച്ചുപോകുമ്പോള്‍ കാറില്‍ പിന്തുടര്‍ന്ന് കവര്‍ച്ച തുടങ്ങിയവയെല്ലാം മലയാളി ബിസിനസുകാരന്റെ ജീവിതം ദുസ്സഹമാക്കുന്നു. വീട് വാടകയ്ക്കു കൊടുത്ത് ജീവിക്കുന്നവര്‍ക്ക് വാടക പിരിക്കാന്‍ സാധിക്കുന്നില്ല തുടങ്ങി ബുദ്ധിമുട്ടുകള്‍ ഒട്ടേറെ. ഫിലാഡല്‍ഫിയ പോലീസുമായി ക്രിയാത്മകമായ ഒരു ബന്ധം സൃഷ്ടിക്കാനും നിലനിര്‍ത്താനുമാണ് ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നത്. മലയാളി, ഇന്ത്യന്‍ സമൂഹത്തിന്റെ കൂടുതല്‍ സാന്ദ്രതയുള്ള മേഖലകളിലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഈ ഒത്തുചേരലില്‍ പങ്കെടുക്കും. പരിഹരിക്കപ്പെടാത്ത പരാതികളും മറ്റു നിയമപ്രശ്‌നങ്ങളും ചര്‍ച്ചയ്ക്ക് കൊണ്ടുവരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുധാ കര്‍ത്താ (267 575 7333), അലക്‌സ് തോമസ് (215 850 5268).