മലയാള ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

9:33am 8/3/2016
download

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ (48) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രാവിലെ 10 മണിക്ക് പരവൂര്‍ ടൗണ്‍ ഹാളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് 4.30ന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

2010ല്‍ സുരേഷ് ഗോപിയും മോഹന്‍ ലാലും മുഖ്യവേഷത്തിലെത്തിയ ‘ജനകന്‍’ എന്ന സിനിമയുടെ സംവിധായകനാണ്. ലെനിന്‍ രാജേന്ദ്രന്‍ അടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. എന്‍.ആര്‍. സഞ്ജീവ് എന്നാണ് യഥാര്‍ഥ പേര്. എന്നാല്‍, സിനിമക്കാര്‍ക്കിടയില്‍ സജി പരവൂര്‍ എന്നാണ് അറിയപ്പെടുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

കൊല്ലം രാമന്‍കുളങ്ങര ‘അഥീന’യിലായിരുന്നു താമസം. ശ്രീദേവിയാണ് ഭാര്യ. മകന്‍: അനന്തന്‍.