മലാപ്പറമ്പ് എ.യു.പി സ്കൂൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹൈകോടതി അംഗീകരിച്ചില്ല.

11:03 AM 08/06/2016
download
കൊച്ചി: സ്കൂൾ പൂട്ടണമെന്ന ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കി വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സർക്കാറിനോട് നിർദേശിച്ചു.

ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കേട്ടെ എന്ന് ഹൈകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുള്ളതിനാൽ ഇപ്പോൾ മറ്റൊന്നും പരിഗണിക്കാനാവില്ല. അക്കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. ഈ വിഷയത്തിൽ സർക്കാറിന് സത്യവാങ്മൂലം സമർപ്പിക്കാവുന്നതാണ്. ജനകീയ സമരങ്ങളോ പ്രതിഷേധങ്ങളോ സ്കൂൾ പൂട്ടുന്നതിന് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്കൂൾ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി അഡ്വക്കെറ്റ് ജനറലാണ് രാവിലെ ഹൈകോടതിയെ അറിയിച്ചത്. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിയമസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമെ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കൂ. അതിനാലാണ് കോടതി ഉത്തരവ് നടപ്പാക്കാൻ സാധിക്കാത്തതെന്നും എ.ജി വ്യക്തമാക്കി.

എന്നാൽ, വിഷയത്തിൽ രൂക്ഷ വിമർശമാണ് ഹൈകോടതി നടത്തിയത്. സ്കൂൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ സർക്കാറിന് സ്വീകരിക്കാം. അത് കോടതിയുടെ വിഷയമല്ല. എന്ത് കൊണ്ട് ഉത്തരവ് നടപ്പാക്കിയില്ല എന്ന വിഷയമാണ് കോടതിയുടെ മുമ്പിലുള്ളത്. ജനുവരി 18നാണ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. തുടർന്ന് നിരവധി തവണ നിർദേശം നൽകി. ഉത്തരവ് നടപ്പാക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

വെള്ളിയാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.