മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍

05.56 AM 01-09-2016
image_760x400
ക്വാലാലംപുര്‍: സ്വാതന്ത്ര്യദിനത്തില്‍ മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍. ബാതു കാവസിലെ പ്രസിദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദികളാണ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനായിരുന്നു ആക്രമികളുടെ പദ്ധതി.
സേലഗോര്‍, പഹാങ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെയാണ് ഇവര്‍ പിടിയിലായത്. ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഈ മാസാദ്യം ഐ.എസില്‍ ചേരാന്‍ രാജ്യം വിടുകയാണെന്ന് കണ്ടത്തെിയ 68 പേരുടെ പാസ്‌പോര്‍ട്ട് മലേഷ്യ റദ്ദാക്കിയിരുന്നു. മാര്‍ച്ചില്‍ 18 മലേഷ്യക്കാര്‍ സിറിയയില്‍ ഐ.എസിന് കീഴിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരുന്നു.
സിറിയയില്‍ ഐ.എസിനായി യുദ്ധത്തില്‍ ഏര്‍പ്പെട്ട മലേഷ്യന്‍ വംശജന്‍ മുഹമ്മദ് വാന്‍ദി മുഹമ്മദ് ജേദിയില്‍നിന്ന് ആക്രമികള്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. മലേഷ്യയില്‍ ഐ.എസ് ആദ്യമായി നടത്തിയ ക്വാലാലംപുരിലെ ബാര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് ജേദിയായിരുന്നുവെന്നാണ് വിവരം.