മല്യയുടെ വിദേശത്തെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

09:06 am 12/09/2016
images (3)
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തത് പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണെന്ന് ഡല്‍ഹി ഹൈകോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മദ്യ വ്യവസായി വിജയ് മല്യയുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് നടപടി തുടങ്ങി.

ഇതുവരെ മല്യയുടെ 8041 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. വിദേശത്തെ സ്വത്തുകൂടി പിടിച്ചെടുക്കാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. കള്ളപ്പണ നിരോധ നിയമപ്രകാരമാണ് നേരത്തേ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെങ്കില്‍ ഇനിയുള്ള ജപ്തികള്‍ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ചായിരിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്ന കേസില്‍ നിരവധി സമന്‍സ് അയച്ചിട്ടും ഹാജരായില്ളെന്നു കാണിച്ച് മുംബൈ ഹൈകോടതി അയച്ച നോട്ടീസ് എന്‍ഫോഴ്സ്മെന്‍റിനു ലഭിച്ചിരുന്നു. മല്യയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാ സ്വത്തും ദക്ഷിണാഫ്രിക്കയിലും യു.കെയിലുമുള്‍പ്പെടെയുള്ളവ കണ്ടുകെട്ടുകയാണ് എന്‍ഫോഴ്സ്മെന്‍റിന്‍െറ നീക്കം. കമ്പനികളിലും ബിസിനസ് സംരംഭങ്ങളിലുമായി മല്യയുടെ ഓഹരി സംബന്ധിച്ച വിവരങ്ങള്‍ തയാറാക്കിയിട്ടുണ്ട്.

ഇതിനിടെ, പുതിയ കേസുകള്‍ ചുമത്തുന്നതോടെ ഇന്‍റര്‍പോളിനെക്കൊണ്ട് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ഇന്ത്യ-യു.കെ പരസ്പര നിയമസഹായ ഉടമ്പടിയുടെ സഹായത്തോടെ നടപടിക്കും എന്‍ഫോഴ്സ്മെന്‍റ് ശ്രമംനടത്തുന്നുണ്ട്. 6027 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്ന ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്യത്തിന്‍െറ പരാതിയെ തുടര്‍ന്നാണ് മല്യക്കെതിരെ പുതിയ കേസെടുത്തത്.