മല്യയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ബ്രിട്ടൻ

10:39 AM 11/05/2016
images
ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സർക്കാരിന്‍റെ അഭ്യർഥന ബ്രിട്ടൻ നിരസിച്ചു. ലണ്ടനിലെത്തിയപ്പോള്‍ മല്യക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ നിലവിലുള്ള നിയമപ്രകാരം മല്യയെ തിരിച്ചയക്കാന്‍ കഴിയില്ലെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ മല്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമത്തിന് മുന്നിലെത്തിക്കാന്‍ സഹായം നല്‍കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടിരുന്നു. കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധ നിയമ പ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചിരുന്നതെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. വിദേശ കാര്യ മന്ത്രാലയം നേരത്തേ മല്യയുടെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയാറാണെന്ന് മല്യ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്‍റെ പാസ്പോർട്ട് റദ്ദാക്കിയതു കൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ വായ്പാ തുക തിരിച്ചുകിട്ടില്ലെന്നും മല്യ പറഞ്ഞു. മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലെത്തിയത്.