മല്ല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളി

02:40pm 07/04/2016
images (1)
ന്യൂഡല്‍ഹി: വായ്പയെടുത്ത തുകയില്‍ 4000 കോടി രൂപ തിരിച്ചടക്കാമെന്ന വിജയ് മല്ല്യയയുടെ ഉപാധി ബാങ്കുകള്‍ തള്ളി. 6000 കോടിയും അതിന്റെ പലിശയുമടക്കം 9,091 കോടി രൂപ തന്നെ മല്ല്യ തിരിച്ചടക്കണമെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ അറിയിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് നിര്‍ദേശം സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്. ഇത് ചര്‍ച്ച ചെയ്യാനായി ഏപ്രില്‍ രണ്ടിന് യോഗം ചേര്‍ന്നിരുന്നതായി ബാങ്കുകള്‍ അറിയിച്ചു.

4000 കോടി രൂപ ആറു മാസത്തിനുള്ളില്‍ നല്‍കാമെന്നാണ് മല്ല്യ അറിയിച്ചത്. കഴിഞ്ഞ നവംബര്‍ വരെയുള്ള തുകയാണ് 9091 കോടി രൂപ. അതേസമയം, എത്ര തുക നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കണമെന്ന് മല്ല്യയോട് കോടതി ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാകുന്ന കാര്യത്തിലും മറുപടി നല്‍കണം. മല്ല്യ ഏപ്രില്‍ 21ന് മുന്‍പും ബാങ്കുകള്‍ 25ന് മുന്‍പും നിലപാട് അറിയിക്കണം. കേസ് വീണ്ടും 26ന് പരിഗണിക്കും.

60കാരനായ വിജയ് മല്ല്യ കഴിഞ്ഞ മാസമാണ് രാജ്യം വിട്ട് ലണ്ടനിലേക്ക് കടന്നത്. ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ബാങ്കുകളുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി മല്ല്യ സംസാരിച്ചുവെന്ന് അഭിഭാഷകര്‍ അറിയിച്ചു.

എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവരാണ് മദ്യരാജാവായ വിജയ് മല്ല്യക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.