മഴയിലും ഇടിമിന്നലിലും ബിഹാറിൽ 48 മരണം; കനത്ത നാശനഷ്ടം

01:00 PM 22/06/2016
download (2)
പറ്റ്ന: കനത്ത മഴയിലും ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും പെട്ട് ബിഹാറിൽ 48 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയിൽ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബിഹാറിലെ വടക്കുകിഴക്കൻ ജില്ലകളിലുണ്ടായ മഴയിൽ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

മധേപുര, കത്യാർ, സഹർസ, മധുബനി, ദർബഗ, സമസ്തിപുർ, ഭഗൽപുർ എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പുർണിയ ജില്ലയിൽ 65-70 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കുടിലിന്‍റെ മേൽക്കൂര തകർന്നുവീണാണ് ഭൂരിഭാഗം പേരും മരിച്ചത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുരന്തത്തിന് ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 4,300 രൂപയുമാണ് സഹായധനം. വിളനാശം സംഭവിച്ചവർക്കുള്ള ധനസഹായം പിന്നീട് പ്രഖ്യാപിക്കും.