മാധ്യമ നിയന്ത്രണം സമൂഹത്തിന് ഗുണകരമല്ല -മോദി.

09:30 am 17/11/2016
download
ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ളെന്നും എന്നാല്‍, അവര്‍ സ്വയം നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്‍െറ മാറ്റങ്ങള്‍ക്കനുസൃതമായ രീതിയില്‍ മാധ്യമങ്ങള്‍ സ്വയം മാറണം.

പുറമെനിന്നുള്ള നിയന്ത്രണം വഴി ഗുണപരമായ മാറ്റം സാധ്യമാകില്ളെന്നും മോദി പറഞ്ഞു. തന്‍െറ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി അദ്ദേഹം ഗാന്ധിജിയെയും ഉദ്ധരിച്ചു. ‘‘അനിയന്ത്രിതമായ എഴുത്ത് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗാന്ധിജി നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, പുറമെനിന്നുള്ള അതിനുള്ള നിയന്ത്രണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം അതോടൊപ്പം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, മാധ്യമങ്ങളെ പ്രത്യേക ചട്ടക്കൂടില്‍ നിയന്ത്രിക്കുക എന്നത് ആലോചിക്കാന്‍പോലുമാകില്ല’’ -മോദി വ്യക്തമാക്കി.

മാധ്യമങ്ങളുടെ ആത്മപരിശോധന പുതിയ കാലത്ത് അത്ര എളുപ്പമാകില്ല. കാലാനുസൃതമായ സ്വയം നിയന്ത്രണത്തിന് എന്തെല്ലാം ചെയ്യാനാകുമെന്നാണ് പി.സി.ഐ പോലുള്ള സ്ഥാപനങ്ങള്‍ ആലോചിക്കേണ്ടത്. മുമ്പ്, മാധ്യമങ്ങള്‍ക്ക് തിരുത്തുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഇലക്ട്രോണിക് മാധ്യമങ്ങളുടെ കാലത്ത് ആ സാധ്യത അസ്തമിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

കാന്തഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍, യാത്രികരുടെ ബന്ധുക്കളുടെ രോഷപ്രകടനം മാധ്യമങ്ങള്‍ തത്സമയം കാണിച്ചത് തീവ്രവാദികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന ധാരണ അവരില്‍ സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.