മാനഭംഗ ഇരയുമായി സെല്‍ഫി; രാജസ്ഥാന്‍ വനിതാ കമ്മീഷനംഗം രാജിവച്ചു

09:48am 01/7/2016
download (2)

ജയ്പുര്‍: മാനഭംഗത്തിന് ഇരയായ യുവതിയുമായി സെല്‍ഫിയെടുത്ത രാജസ്ഥാന്‍ സംസ്ഥാന വനിതാ കമ്മീഷനംഗം രാജിവച്ചു. കമ്മീഷനംഗം സൗമ്യ ഗുര്‍ജറാണ് രാജിവച്ചത്. സൗമ്യയും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മയും ചേര്‍ന്നാണ് പീഡനത്തിനിരയായ യുവതിയോടൊത്ത് സെല്‍ഫിയെടുത്തത്. ചിത്രങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമാകുകയും സൗമ്യ ഗുര്‍ജര്‍ രാജിവയ്ക്കുകയുമായിരുന്നു.

ജയ്പുര്‍ നോര്‍ത്തിലെ വനിതാ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സൗമ്യയാണ് ഇവരുടെ ടാബ്‌ലെറ്റില്‍ ചിത്രം പകര്‍ത്തിയത്. യുവതിയെ ഫോക്കസിലേക്ക് അടുപ്പിച്ച് സുമന്‍ ശര്‍മയും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

30 വയസുകാരിയാണ് പീഡനത്തിനിരയായത്. സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും ഇയാളുടെ സഹോദരങ്ങളുമാണ് പീഡിപ്പിച്ചത്. യുവതിയെ പോലീസ് സ്റ്റേഷനിലെത്തി കണ്ടപ്പോഴാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സെല്‍ഫി എടുത്തത്.