12.29 AM 18-05-2016
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിന്. ബ്രിട്ടീഷുകാരി ഡെബോറ സ്മിത്താണ് ഈ കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. സമ്മാനത്തുകയായ 72000ഡോളര്‍ ഇരുവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്ന് ബുക്കര്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കൊറിയക്കാരിയെന്ന റിക്കാര്‍ഡും 45കാരിയായ ഹാന്‍ കാംഗിന് സ്വന്തം. സിയൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ആര്‍ട്‌സില്‍ സര്‍ഗാത്മക രചന പഠിപ്പിക്കുന്ന അധ്യാപികയാണ് ഹാന്‍. പരിഭാഷ നടത്തിയ ഡെബോറ മൂന്നുവര്‍ഷം മുമ്പാണു കൊറിയന്‍ ഭാഷ പഠിക്കാന്‍ തുടങ്ങിയത്. അവര്‍ പരിഭാഷപ്പെടുത്തിയ ആദ്യ പുസ്തകമാണിത്.
മൂന്നു ഭാഗങ്ങളുള്ളതാണ് ഈ നോവല്‍. യോംഗ് ഹൈ എന്ന കൊറിയന്‍ വീട്ടമ്മ പെട്ടെന്നൊരു ദിവസം സസ്യഭുക്കായി മാറുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതേത്തുടര്‍ന്ന് ഇവരുടെ കുടുംബജീവിതത്തിലുണ്ടായ കാര്യങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിനായെന്ന് ജൂറി വിലയിരുത്തി. ഓര്‍ഹാന്‍ പാമുക്, റോബര്‍ട്ട് സീതെയ്‌ലര്‍, യാന്‍ ലിയാന്‍കെ, എലേന ഫെറാന്റേ തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ഹാന്‍ പുരസ്‌കാരം നേടിയത്.