മാപ്പ് ഓണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

01.43 AM 04-09-2016
unnamed (4)
ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) 2016-ലെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ കമ്മിറ്റിക്കാര്‍ അറിയിച്ചു.

സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197 Northeast Ave, Philadelphia, PA 19116) വച്ചു നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

സമഗ്രമായ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലെ പ്രവാസി സമൂഹത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി ലോക മലയാളികള്‍ക്ക് സുപരിചിതനായ ഡോ. കൃഷ്ണ കിഷോര്‍ മുഖ്യാതിഥിയായിരിക്കും. ഫോമയുടെ 2017 -18-ലെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി എം. തോമസ്, ഫോമയുടെ മറ്റ് നേതാക്കന്മാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ കലാ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ഓണപരിപാടികളില്‍ സംബന്ധിക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടും, താലപ്പൊലികളോടുംകൂടിയുള്ള ഘോഷയാത്രയില്‍ മാവേലി മന്നനെ വരവേല്‍ക്കും.

വിഭവസമൃദ്ധമായ ഓണസദ്യ, ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍, വിവിധ കലാപരിപാടികള്‍, തായമ്പക, തിരുവാതിരകളി, ഓണപൂക്കളം, പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുസമ്മേളനം, അവാര്‍ഡ് ദാനം എന്നിവ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടും.

ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി പ്രസിഡന്റ് ഏലിയാസ് പോള്‍, വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍, അക്കൗണ്ടന്റ് ജോണ്‍സണ്‍ മാത്യു എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നായ മാപ്പിന്റെ ഓണം ഫിലഡല്‍ഫിയയിലെ ഓണപരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഓണമാണ്. ഈ മഹത്തായ ഓണാഘോഷത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ കുടുംബസമേതം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പോള്‍ (പ്രസിഡന്റ്) 267 262 0179, ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169, യോഹന്നാന്‍ ശങ്കരത്തില്‍ (ട്രഷറര്‍) 215 778 0162.

വാര്‍ത്ത അയച്ചത്: യോഹന്നാന്‍ ശങ്കരത്തില്‍