മാര്‍ച്ചിനിടെ ജവാന്‍ മരിച്ചു; സേനാ യൂണിറ്റില്‍ സംഘര്‍ഷം

07:47am 16/5/2016
download
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 10 കിലോ മീറ്റര്‍ റൂട്ട്‌ മാര്‍ച്ചിനിടെ ജവാന്‍ കുഴഞ്ഞുവീണു മരിച്ചു. നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടിട്ടും മാര്‍ച്ചിങ്ങില്‍ നിന്ന്‌ ഒഴിവാക്കാതിരുന്നതാണു കാരണമെന്നാരോപിച്ച്‌ ജവാന്മാര്‍ ക്യാപ്‌റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ കൈയേറ്റം ചെയ്‌തു. ഇതിനെ സേനയ്‌ക്കുള്ളിലെ കലാപമായി വ്യാഖ്യാനിക്കുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും സേനാ വക്‌താവ്‌ ലഫ്‌. കേണല്‍ സുനീത്‌ ന്യൂട്ടണ്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ക്യാപ്‌റ്റനും ഒരു ജവാനും തമ്മിലുള്ള വാക്കുതര്‍ക്കത്തിനു ശിക്ഷാ നടപടിയായാണ്‌ ബറ്റാലിയനെയാകെ റൂട്ട്‌ മാര്‍ച്ചിനു വിട്ടതെന്നു സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ ജവാനെ യൂണിറ്റിലെ ഡോക്‌ടര്‍ പരിശോധിച്ചശേഷം മാര്‍ച്ചില്‍ പങ്കെടുപ്പിക്കുകയായിരുന്നു. പിന്നീടു കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രോഷാകുലരായ ഏതാനും ജവാന്മാര്‍ ക്യാപ്‌റ്റനെയും മറ്റും കൈയേറ്റം ചെയ്യുകയായിരുന്നു. ക്യാപ്‌റ്റനു കാര്യമായ പരുക്കുണ്ടെന്ന്‌ അഭ്യൂഹമുണ്ടെങ്കിലും ആരുടെയും പരുക്ക്‌ സാരമുള്ളതല്ലെന്നാണ്‌ ഔദ്യോഗിക അറിയിപ്പ്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കരസേനയില്‍ അച്ചടക്കലംഘനമുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണ്‌ അരുണാചലില്‍ ഉണ്ടായത്‌. മീററ്റില്‍ 2013-ല്‍ നടത്തിയ ബോക്‌സിങ്‌ മല്‍സരം ഓഫീസര്‍മാരും ജവാന്മാരും തമ്മിലുള്ള കൂട്ടത്തല്ലിലാണു കലാശിച്ചത്‌. രണ്ടു മേജര്‍മാരും ഒരു ജവാനും അന്ന്‌ ആശുപത്രിയിലായി.
അതിന്‌ ഒരു വര്‍ഷം മുമ്പ്‌ ലഡാക്കിലെ ന്യോമ സെക്‌ടറിലെ 226 ഫീല്‍ഡ്‌ ആര്‍ട്ടിലറി റെജിമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ കമാന്‍ഡിങ്‌ ഓഫീസര്‍ അടക്കം നാലു പേര്‍ക്കാണു പരുക്കേറ്റത്‌. ഒരു ജവാന്‍ മേജറുടെ പത്നിയോട്‌ അപമര്യാദയായി പെരുമാറിയതില്‍ നിന്നായിരുന്നു തുടക്കം.