മാര്‍ത്തോമാ സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സിന് ഇന്നു തിരിതെളിയും

10:03 am 29/9/2016

– ബിജു ചെറിയാന്‍
Newsimg1_94452558
ന്യൂയോര്‍ക്ക്: ദൈവസാന്നിധ്യം നിന്നോടുകൂടെയുള്ളതുകൊണ്ട് ഭയാശങ്കകളില്ലാതെ ധൈര്യമായിരിക്കുക എന്ന വാഗ്ദാനം ചിന്താവിഷയമാക്കി മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിലെ സീനിയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് കോണ്‍ഫറന്‍സിന് ഇന്നു വൈകുന്നേരം (സെപ്റ്റംബര്‍ 28, ബുധന്‍) 6 മണിക്ക് ന്യൂയോര്‍ക്കില്‍ തിരിതെളിയും.

ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ. ഐസക് പി. കുര്യന്‍, ജനറല്‍ കണ്‍വീനര്‍ സി.വി. സൈമണ്‍കുട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. ഐസക് മോര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റൈറ്റ് റവ.ഡോ. യുയാക്കീം മോര്‍ കൂറിലോസ് എന്നീ പിതാക്കന്മാരുടെ നേതൃത്വവും പ്രഭാഷണങ്ങളും കോണ്‍ഫറന്‍സിലുണ്ടാകും. ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, റവ. ബൈജു മര്‍ക്കോസ് (ലൂഥറന്‍ സ്കൂള്‍ ഓഫ് തിയോളജി, ചിക്കാഗോ) എന്നീ വൈദീകശ്രേഷ്ഠരും വിവിധ ക്ലാസുകളും ചര്‍ച്ചകളും നയിക്കും. പരിചയസമ്പന്നരായ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ പരിപാടികളുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ശനിയാഴ്ച ചതുര്‍ദിന കോണ്‍ഫറന്‍സ് സമാപിക്കും.