മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി

08:28 am 11/10/2016

– ഷൈമോന്‍ തോട്ടുങ്കല്‍
Newsimg1_55555186
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി. മാഞ്ചെസ്റ്ററിനടുത്തുള്ള പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തിലായിരുന്നു ബ്രിട്ടനിലെ വിശ്വാസികളുടെ ആത്മീയ സമ്മേളനമായി മാറിയ മെത്രാഭിഷേക ചടങ്ങ്. സാക്ഷികളായി ലോകത്തിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികരും പതിനായിരത്തോളം വിശ്വാസികളും പങ്കെടുത്തു. രാവിലെ മുതല്‍ക്കേ സ്‌റ്റേഡിയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. 1.15ന് മെത്രാഭിഷേക ശുശ്രൂഷകളുടെ തിരുക്കര്‍മ്മങ്ങളും ആരംഭിച്ചു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ലങ്കാസ്റ്റര്‍ രൂപത ബിഷപ് ഡോ. മൈക്കിള്‍ കാംബെല്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്നു നിയുക്ത മെത്രാന്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. 2.30ന് സ്ഥാനാരോഹണം. ബ്രിട്ടനിലെ വത്തിക്കാന്‍ പ്രധിനിധി ആര്‍ച്ച്ബിഷപ് ഡോ. അന്റോണിയോ മെന്നിനി അനുഗ്രഹ സന്ദേശം നല്‍കി. ആശംസ പ്രസംഗങ്ങള്‍ക്കു ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മറുപടി പ്രസംഗത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തിരശീല വീണു.

ചങ്ങനാശേരി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍, ഉജ്­ജയിന്‍ രൂപത മെത്രാനും പ്രവാസികാര്യ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ നിയുക്­ത അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. യുകെയിലുള്ള പത്തോളം ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ ബിഷപ്പുമാരും പങ്കെടുത്തു. അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ റവ. അന്റോണിയോ മെന്നിനി, മോണ്‍. മാറ്റി സി മോറി, മോണ്‍. വിന്‍സെന്റ് ബ്രാഡി തുടങ്ങിയവരും മറ്റു രൂപതകളിലെ മോണ്‍സിഞ്ഞോര്‍മാരും ന്യൂണ്‍ഷ്യോയുടെ മറ്റൊരു പ്രതിനിധി റവ. ഫാ. മാത്യൂ കമ്മിംഗ്, പ്രസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍ ജോണ്‍ കോളിന്‍സും മറ്റും പങ്കെടുത്തു.