മാറ്റുന്ന വിവരം അറിയിക്കാമായിരുന്നു -സെൻകുമാർ

6:556 PM 31/05/2016
download (6)
തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ എൽ.ഡി.എഫ് സർക്കാറിനെ വിമർശിച്ച് ഡി.ജി.പി ടി.പി സെൻകുമാർ. തന്നെ മാറ്റുന്ന വിവരം സർക്കാറിന് മാന്യമായി അറിയിക്കാമായിരുന്നു. സർക്കാറിന് ആവശ്യം ലോക്നാഥ് ബെഹ്റയെ ആണെങ്കിൽ വാശി പിടിച്ച് ഡി.ജി.പി പദവിയിൽ ഇരിക്കുന്നതിൽ അർഥമില്ലെന്നും സെൻകുമാർ പറഞ്ഞു.

മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയിൽ ചട്ടലംഘനമുണ്ട്. സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിത്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സെൻകുമാർ വ്യക്തമാക്കി.

തന്‍റെ ജോലി നന്നായിട്ടു തന്നെ ചെയ്തിട്ടുണ്ട്. ആരെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്തിട്ടില്ലെന്നും ആരെയും അതിനു പ്രേരിപ്പിച്ചിട്ടുമില്ലെന്നും സെൻകുമാർ വ്യക്തമാക്കി. സർക്കാറിന് ഇഷ്ടമില്ലാതെ ഒരു പദവിയിൽ തുടരാനില്ല. വാശിപിടിച്ച് ഒരു സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യവുമില്ല. തനിക്ക് തന്‍റേതായ തത്വങ്ങളുണ്ട്. അതനുസരിച്ചേ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ. അതിവിടത്തെ ജനങ്ങൾക്കറിയാം. നിരവധി പേർക്ക് സഹായങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

വളരെ സംതൃപ്തിയോടെ തന്നെ സ്ഥാനമൊഴിയും. ഒരു വർഷം ഡി.ജി.പിയായിരുന്നു. ഈ കാലയളവിൽ കുറേയധികം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. താൻ പദവിയേറ്റെടുക്കുന്ന സമയത്ത് വളരെ കുറച്ച് ഉദ്യോഗസ്ഥരെ ഡി.ജി.പിയുടെ ഓഫിസിലുണ്ടായിരുന്നു. ഒരു ദിവസം 16 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട്. അത്രയും സമയം എടുത്താണ് ഓരോ കാര്യങ്ങളും പൂർത്തിയാക്കിയതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.