മാർക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും

01.21 PM 11/11/2016
kadju_1011
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു ശനിയാഴ്ച കോടതിയിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കട്ജു കോടതിയിൽ ഹാജരാകുക.

സൗമ്യ വധക്കേസിലെ ഉത്തരവിനെതിരേ ഫേസ്ബുക്കിൽ ഇട്ട വിമർശനക്കുറിപ്പ് പുനഃപരിശോധനാഹർജിയായി പരിഗണിച്ച് സുപ്രീം കോടതി, വിമർശനം സംബന്ധിച്ച വാദങ്ങൾ ഉന്നയിക്കുന്നതിനായി കോടതിയിൽ ഹാജരാകാൻ അഭ്യർഥിച്ച് ജസ്റ്റീസ് കട്ജുവിനു നോട്ടീസ് അയച്ചിരുന്നു. സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്നു മനസിലായത്. കേസ് പുനഃപരിശോധിക്കാൻ തന്റെ സഹായം അഭ്യർഥിക്കുകയാണു ചെയ്തത്. അതോടെയാണ് നവംബർ 11ന് ഹാജരാകാൻ തീരുമാനിച്ചതെന്നും കട്ജു വ്യക്തമാക്കി.

സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽനിന്നുണ്ടായിട്ടുള്ള വിധിയിൽ പിഴവുകളുണ്ടെന്ന തന്റെ മുൻ വാദത്തിൽ ഉറച്ചുനിൽക്കുന്നതായും കേസ് വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും കട്ജു ആവശ്യപ്പെട്ടു.