മിത്രാസ് ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം അബി വര്‍ഗീസിന്

08:40 pm 22/9/2016

Newsimg1_53048837
ന്യൂജഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മിത്രാസിന്റെ 2016 ലെ ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം പ്രമുഖ മലയാള സിനിമ സംവിധായകനായ അബി വര്‍ഗീസിന്. അബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ന്യൂജഴ്‌സിയിലെ ജോണ്‍ ജെ. ബ്രെസ് ലിന്‍ തിയേറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ മിത്രാസ് ഫെസ്റ്റിവലിന്റെ വേദിയില്‍ പ്രസിഡന്റ് രാജന്‍ ചീ­രനില്‍ നിന്നും അബി പുരസ്കാരം ഏറ്റുവാങ്ങി.

ജാതിമത സംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊളളിച്ചുകൊണ്ട് അമേരിക്കയിലുളള കലാകാരന്മാരെ വളര്‍ത്തി കൊണ്ടു വരുന്നതിനുവേണ്ടി 2011 ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്ക്കുവേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച പ്രവാസി ചാനല്‍, അശ്വമേധം, പത്രം, മഴവില്‍ എഫ്എം, ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍, ഈവന്റ് കാറ്റ്‌സ്, മയൂര സ്കൂള്‍ ഓഫ് ഡാന്‍സ്, സൗപര്‍ണിക ഡാന്‍സ് അക്കാദമി, ജ്വാല, നൃത്യകല്‍പന, സ്റ്റുഡിയോ 19 തുടങ്ങി എല്ലാ മാധ്യമങ്ങളോടും കലാ, സാംസ്കാരിക, സാമൂഹിക സംഘടനകളോടും ഉളള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.