മിന്നലാക്രമണമെങ്കില്‍ തിരിച്ചടിക്കുമായിരുന്നു –പാകിസ്താന്‍

09:56 am 30/09/2016
download (6)
ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവെപ്പിനെ മിന്നലാക്രമണമായി ചിത്രീകരിച്ച് മാധ്യമസംഭവമാക്കി മാറ്റാനുള്ള ഇന്ത്യന്‍ നീക്കം സത്യത്തെ വളച്ചൊടിക്കലാണെന്ന് പാകിസ്താന്‍. പ്രത്യേക ലക്ഷ്യങ്ങളിലേക്കുള്ള അതിവേഗ ആക്രമണമാണ് (സര്‍ജിക്കല്‍ സ്ട്രൈക്) ഇന്ത്യ നടത്തിയതെങ്കില്‍ അതിന് കടുത്ത തിരിച്ചടി നല്‍കിയേനെയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന്‍െറ വാര്‍ത്താവിഭാഗമായ ഇന്‍റര്‍സര്‍വിസസ് പബ്ളിക് റിലേഷന്‍സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. പാക് മേഖലയില്‍ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ല. എന്നാല്‍, നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. പുലര്‍ച്ചെ 2.30നാണ് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്. ഇത് രാവിലെ എട്ടു മണിവരെ തുടര്‍ന്നു. പാക് സൈന്യം അപ്പോള്‍തന്നെ തിരിച്ചടി നല്‍കി. നിയന്ത്രണരേഖയിലെ ഭീംബെര്‍, ഹോട്ട്സ്പ്രിങ് കെല്‍, ലിപ മേഖലകളിലാണ് വെടിവെപ്പുണ്ടായത്.

പാക് ഭീകരതാവളങ്ങളിലാണ് ആക്രമണം നടത്തിയത് എന്നത് ഇന്ത്യയുടെ ബോധപൂര്‍വമുള്ള പ്രചാരണമാണ്. ഇതിലൂടെ വ്യാജ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പാക് സൈന്യം ആരോപിച്ചു. ഇന്ത്യയുടെ സൈനികനീക്കം, ദൗത്യ മേധാവി ലഫ്റ്റനന്‍റ് ജനറല്‍ രണ്‍ബീര്‍ സിങ് ഡല്‍ഹിയില്‍ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഇത് നിഷേധിച്ച് പാകിസ്താന്‍ രംഗത്തുവന്നത്.