മിയാമി സെന്റ് ജൂഡ് ദേവാലയത്തില്‍ വി. യുദാ തദേവൂസിന്റെ തിരുനാളും കെയ്‌റോസ് ടീമിന്റെ ധ്യാനവും നടത്തപ്പെട്ടു

11:33 am 16/11/2016

എബി തെക്കനാട്ട്
Newsimg1_23572756
മിയാമി: സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനവും, നൊവേനയും, വി. യൂദാ തദേവൂസിന്റെ തിരുനാളും, പരി. കന്യകാ മറിയത്തിന്റെ ജപമാല സമര്‍പ്പണവും 2016 ഒക്‌ടോബര്‍ 20 മുതല്‍ 31 വരെ നടത്തപ്പെട്ടു.

ഒക്‌ടോബര്‍ 21 മുതല്‍ 23 വരെ നടത്തിയ ധ്യാനത്തിന് കെയ്‌റോസ് റിട്രീറ്റ് ടീം അംഗങ്ങളായ ഫാ. കുര്യന്‍ കാരിക്കല്‍, ബ്ര. റെജി കൊട്ടാരം, ബ്ര. പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഒമ്പത് ദിവസത്തെ ജപമാല, വി. കുര്‍ബാന, നൊവേന എന്നിവയ്ക്ക് വിവിധ കൂടാരയോഗങ്ങള്‍ നേതൃത്വം നല്‍കി. ഒക്‌ടോബര്‍ 28-നു വെള്ളിയാഴ്ച ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് മലങ്കര റീത്തില്‍ വി.കുര്‍ബാന ഫാ. ആന്റണി വയലില്‍കരോട്ടിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

ഒക്‌ടോബര്‍ 29-ന് നടന്ന പാട്ടുകുര്‍ബാനയ്ക്ക് റവ.ഡോ. ജോസ് ആദോപ്പിള്ളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഡോ. തോമസ് ആദോപ്പിള്ളില്‍ വചനസന്ദേശം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും കലാസന്ധ്യയും ഉണ്ടായിരുന്നു. കലാസന്ധ്യയില്‍ ഇടവകാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 2 വയസ്സു മുതല്‍ 90 വയസ്സുവരേയുള്ള ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത വിവിധയിനം കലാപരിപാടികള്‍ കണ്ണിനു കുളിര്‍മയേകി.

ഒക്‌ടോബര്‍ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നു മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മികനായി തിരുനാള്‍ റാസ നടത്തപ്പെട്ടു. ഫാ.ഏബ്രഹാം മുത്തോലത്ത് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തി. സ്‌നഹവിരുന്നും ഉണ്ടായിരുന്നു. പള്ളിയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട ഏലയ്ക്കാ മാലയുടെ ജനകീയ ലേലത്തില്‍ എല്ലാവരും പങ്കെടുത്തു. വിശിയേറിയ ലേലത്തില്‍ 25200 (ഇരുപത്തയ്യായിരത്തി ഇരുനൂറ്) ഡോളര്‍ നല്‍കി ജോസഫ് & ലീലാമ്മ പതിയില്‍ ദമ്പതികള്‍ മാല കരസ്ഥമാക്കി.

ഒക്‌ടോബര്‍ 31-നു തിങ്കളാഴ്ച പൂര്‍വ്വിക സ്മരണാര്‍ത്ഥം സെമിത്തേരി സന്ദര്‍ശനവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഒപ്പീസും നടത്തപ്പെട്ടു. ലോറന്‍സ് & ജെയ്‌നമ്മ മുടിക്കുന്നേല്‍ ഫാമിലി, ജിബീഷ് & ക്രിസ്റ്റി മണിയാട്ടേല്‍ ഫാമിലി എന്നിവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു. 2017-ലെ തിരുനാള്‍ പ്രസുദേന്തിമാരായി സിബി & ഷീന ചാണാശ്ശേരിനെ വാഴിച്ചു.

തിരുനാളിന് കൈക്കാരന്മാരായ ജോസഫ് പതിയില്‍, അബ്രഹാം പുതിയടത്തുശേരില്‍, ബേബിച്ചന്‍ പാറാനിക്കല്‍, തിരുനാള്‍ കണ്‍വീനര്‍ മോഹന്‍ പഴുമാലില്‍, ജോണി ഞാറവേലില്‍, സുബി പനന്താനത്ത്, റോയി ചാണാശേരില്‍, തോമസ് കണിച്ചാട്ടുതറ, ടോമി തച്ചേട്ട്, ടോമി പുത്തുപ്പള്ളില്‍, ബെന്നി പട്ടുമാക്കില്‍, സ്റ്റീഫന്‍ തറയില്‍ എന്നിവരും മറ്റു പാരീഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി. പി.ആര്‍.ഒ എബി തെക്കനാട്ട് അറിയിച്ചതാണിത്.