മിസ്ത്രിയുടെ പുറത്താകലിനു ലൈംഗീകാരോപണം കാരണമായെന്നു റിപ്പോർട്ട്

01.07 PM 11/11/2016
mitry_2410
മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയുടെ പുറത്താകലിലേക്കു നയിച്ചത് ലൈംഗീക ആരോപണങ്ങളെന്നും സൂചന. കഴിഞ്ഞമാസം 24നാണ് മിസ്ത്രി ചെയർമാൻ സ്‌ഥാനത്തുനിന്ന് പുറത്തായത്. മോശം ഭരണത്തെ തുടർന്നാണ് പുറത്താക്കൽ എന്നു പറയുന്നുണ്ടെങ്കിലും ലൈംഗീക ആരോപണങ്ങളും മിസ്ത്രിക്കു തിരിച്ചടിയായതായി ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഹോട്ടൽസ് മേധാവി രാകേഷ് സർണയ്ക്കെതിരേ കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി ലൈംഗീക പീഡനത്തിനു പരാതി നൽകിയിരുന്നു. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്‌ഥനായ സർനയെ മിസ്ത്രി മുൻകൈയെടുത്താണ് ടാറ്റയിലെത്തിച്ചത്. ജീവനക്കാരി പരാതി നൽകിയശേഷം മിസ്ത്രി നടത്തിയ ഇടപെടലിലൂടെ വനിതാ ഉദ്യോഗസ്‌ഥയെ കമ്പനിയിൽനിന്നു പുറത്താക്കിയതായും ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജൂണിലാണ് ഇക്കാര്യം രത്തൻ ടാറ്റയുടെ ശ്രദ്ധയിൽപെടുന്നത്. ഇതേതുടർന്ന് രത്തൻ ടാറ്റയുടെ നിർദേശപ്രകാരം സ്വതന്ത്ര അന്വേഷണ കമ്മിറ്റിയെ നിശ്ചയിച്ചെങ്കിലും കമ്മിറ്റി ഇതേവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

ഇതേതുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കമ്പനിയുടെ പരമ്പരാഗത ശീലങ്ങളിൽനിന്നു വ്യതിചലിച്ചതുമാണ് പിന്നീട് മിസ്ത്രിയുടെ പുറത്താകലിലേക്കു വഴിവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.