മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിനു പുനെ തോല്‍പ്പിച്ചു

02:04pm 10/4/2016
download (2)
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിലെ ആദ്യം റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിന്. മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റിനാണ് റൈസിങ് പുനെ തോല്‍പ്പിച്ചത്. സ്വന്തം തട്ടകമായ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പുനെ കളി തീരാന്‍ 32 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 42 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 66 റണ്ണെടുത്തുനിന്ന ഓപ്പണര്‍ അജിന്‍ക്യ രഹാനെയാണു വിജയശില്‍പ്പി.
സഹ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് 33 പന്തില്‍ 34 റണ്ണുമായി പുറത്തായി. ഹര്‍ഭജന്‍ സിങാണ് ഫാഫ് ഡു പ്ലെസിസിനെ പുറത്താക്കിയത്. കെവിന്‍ പീറ്റേഴ്‌സണ്‍ 14 പന്തില്‍ 21 റണ്ണുമായി രഹാനെയ്‌ക്കൊപ്പം പുറത്താകാതെനിന്നു. 30 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 45 റണ്ണുമായി പുറത്താകാതെനിന്ന ഹര്‍ഭജന്‍ സിങിന്റെ ബാറ്റിങ് പ്രകടനമാണ് മുംബൈയെ നൂറ് കടത്തിയത്. മധ്യനിരയില്‍ അമ്പാട്ടി റായിഡു 27 പന്തില്‍ 22 റണ്ണെടുത്തതൊഴിച്ചാല്‍ നിറംമങ്ങിയ പ്രകടനമായിരുന്നു.
ഓപ്പണര്‍മാരായ ലെന്‍ഡല്‍ സിമ്മണ്‍സ് (എട്ട്), നായകന്‍ കൂടിയായ രോഹിത് ശര്‍മ (ഏഴ്) എന്നിവര്‍ ഇഷാന്ത് ശര്‍മയ്ക്കു കീഴടങ്ങിയതോടെ മുംബൈ വിയര്‍ത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ (0) നേരിട്ട രണ്ടാമത്തെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ഇരയായി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹാര്‍ദിക് പാണ്ഡ്യയെയും (ഒന്‍പത്) മാര്‍ഷ് മടക്കി. വെസ്റ്റിന്‍ഡീസിന്റെ ബാറ്റിങ് വെടിക്കെട്ട് കെയ്‌റോണ്‍ പൊള്ളാര്‍ഡും (ഒന്ന്) നിരാശപ്പെടുത്തി. രജത് ഭാട്ടിയയുടെ പന്തില്‍ പൊള്ളാര്‍ഡ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. വാലറ്റക്കാരനായ ആര്‍. വിനയ്കുമാറാണ് (11 പന്തില്‍ ഒരു സിക്‌സറടക്കം 12) രണ്ടക്കം കടന്ന മൂന്നാമന്‍. റൈസിങ് ബൗളര്‍മാര്‍ നല്‍കിയ 13 അധിക റണ്ണും മുംബൈയുടെ സ്‌കോറിങ്ങിനു ഗുണമായി.