കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി തോമസ് കുരുവിളയുടെ പക്കല്‍ ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ച് ഒരു കോടി 10 ലക്ഷം രൂപ നല്‍കി. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയിലും എത്തിച്ചു. ആര്യാടെന്റ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ച് ആദ്യം 25 ലക്ഷം നല്‍കി. പിന്നീട് സ്റ്റാഫ് മുഖാന്തരം 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആര്യാടനെ കണ്ടത്.
2011 ജൂണില്‍ ടീം സോളാറിന്റെ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടെന്ന് സരിത പറഞ്ഞു. ഗണേഷ്‌കുമാറിെന്റ പി.എയാണ് മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രിയാണ് ആര്യാടനെ വിളിച്ച് നിവേദനവുമായി ഒരാള്‍ വരുന്നുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞത് അനര്‍ട്ടുമായി ചേര്‍ന്ന് സോളാര്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. ഇതിന് സൗകര്യം ചെയ്ത് തരാമെന്ന് ആര്യാടന്‍ സമ്മതിച്ചു. കല്ലട ഇറിഗേഷന്‍ പദ്ധതി സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി.
മുഖ്യമന്ത്രിയെ പിന്നീട് പലതവണ കണ്ടു. എത്ര തവണ കണ്ടെന്ന് ഓര്‍മയില്ല. മുഖ്യമന്ത്രിയാണ് ജോപ്പെന്റ നമ്പര്‍ നല്‍കിയത്. ജോപ്പെന്റയും ജിക്കുമോന്റയും ഫോണിലൂടെ പലതവണ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രിക്ക് ഏഴ് കോടി രൂപ കൊടുക്കേണ്ടി വരുമെന്ന് ജിക്കുമോന്‍ പറഞ്ഞതായും സരിത മൊഴിനല്‍കി.
അതേസമയം, സരിയുടെ ആരോപണത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായില്ല. സരിത പറയുന്നത് പച്ചക്കള്ളമാണെന്ന് ആര്യാടന്റെ പി.എ കേശവന്‍ ചാനലുകളോട പ്രതികരിച്ചു.