06:21pm 13/5/2016
കൊച്ചി: ക്വാറി ഉടമ ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങൾ സോളാർ കമീഷന് കൈമാറിയെന്ന് സരിത എസ്. നായർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, മന്ത്രി എ.പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയത്. കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലെ പരാമർശങ്ങൾ ശരിവെക്കുന്നതാണ് ദൃശ്യങ്ങളെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
നാല് മന്ത്രിമാർക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും മഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് ജിക്കുമോന് സരിതക്ക് അയച്ച ഇമെയിൽ സന്ദേശങ്ങളും കമീഷൻ മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഒരു മന്ത്രി വഴി തന്നെ മറ്റൊരു മന്ത്രി ട്രാപ്പിലാക്കിയെന്നും സരിത വ്യകതമാക്കി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും തെളിവുകളും വാർത്താ സമ്മേളനം നടത്തി പുറത്തുവിടും. ദൃശ്യങ്ങളും തെളിവുകളും സോളാർ കമീഷൻ പരിശോധിക്കേണ്ടതുണ്ട്. കമീഷൻ അനുമതി നൽകിയാൽ നാളെ തന്നെ ദൃശ്യങ്ങൾ പുറത്തുവിടും. എന്നാൽ, തന്റെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ അശ്ലീല ദൃശ്യങ്ങളടങ്ങിയ വിഡിയോകൾ പുറത്തുവിടില്ല. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ തുറന്ന് കാട്ടാനുള്ള തൊലിക്കട്ടി തനിക്കില്ലെന്നും സരിത പറഞ്ഞു.