മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി

08:51am 01/5/2016

– പി.പി.ചെറിയാന്‍
unnamed (1)
ആര്‍ലിംഗ്ടണ്‍(ടെക്‌സസ്): നിലവിലുള്ള സ്‌ക്കൂള്‍ ഡ്രസ് കോഡിന് വിരുദ്ധമായി മുടി നീട്ടി വളര്‍ത്തിയ പന്ത്രണ്ടു വയസ്സുള്ള വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ നിന്നും പുറത്തായി.
ആര്‍ലിംഗ്ടണ്‍ ന്യൂമാന്‍ ഇന്റര്‍നാഷ്ണല്‍ അക്കാദമി വിദ്യാര്‍ത്ഥിയോട് ജൂണ്‍ 1 ന് മുമ്പു സ്‌ക്കൂളില്‍ നിന്നും വിട്ടുപോകണമെന്ന് കാണിച്ചു നോട്ടീസ് നല്‍കിയിരുന്നു.

നാലുവര്‍ഷമായി നീട്ടി വളര്‍ത്തിയ മുടിയെകുറിച്ചു സ്‌കൂള്‍ അധികൃതര്‍ നാളിതുവരെ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പരാതിപ്പെട്ടു. ആണ്‍കുട്ടികളുടെ മുടി കണ്‍പുരികത്തിനു താഴെ വളര്‍ത്തരുതെന്ന അക്കാദമിയിലെ ഡ്രസ് കോഡ് വളരെക്കാലമായി നിലനില്‍ക്കുന്നതാണെന്നും, ഹാന്‍ഡ് ബുക്കില്‍ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അക്കാദമി സ്ഥാപകനും, സൂപ്രണ്ടുമായ ഡോ.ഷേബാ ജോര്‍ജ്ജ് പറഞ്ഞു.

സ്‌ക്കൂള്‍ അധികൃതര്‍ രണ്ടു ഓപ്ഷനാണ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത്. ഹാഡ്ബുക്കിലെ ഡ്രസ് കോഡ് അനുസരിക്കുക, സമ്മതമില്ലെങ്കില്‍ സ്‌ക്കൂളില്‍ നിന്നും ജൂണ്‍ ഒന്നിന് മുമ്പ് വിട്ടുപോകുക.

അക്കാദമിയിലെ ഓര്‍ക്കസ്ട്രായിലും, ട്രാക്ക് ടീമിലും അംഗമായ വിദ്യാര്‍ത്ഥി പഠനത്തിലും സമര്‍ത്ഥനായിരുന്നു. സ്‌ക്കൂള്‍ അധികൃതരുടെ തീരുമാനത്തില്‍ വിദ്യാര്‍ത്ഥിയും കുടുംബാംഗങ്ങളും ഒരേ പോലെ നിരാശരാണ്. ആര്‍ലിംഗ്ടണ്‍ ഐ.എസ്.ഡിയില്‍ തുടര്‍ന്നുള്ള വിദ്യാഭ്യാസം പൂര്‍ത്തീക്കരിക്കുന്നതിന് അഡ്മിഷനുവേണ്ടി ശ്രമിക്കുകയാണ് കുടുംബാംഗങ്ങള്‍.