മുത്തലാഖ് മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

12.26 PM 02-09-2016
Talaq_760x400
സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ പേരില്‍ മുത്തലാഖ് ഉള്‍പ്പടെ വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നതിനെക്കള്‍ നല്ലത് മുത്തലാഖ് ആണെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പുരുഷന്‍മാര്‍ക്ക് അവകാശം നല്കുന്ന മുതലാഖ് വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രത്ത് ജഹാന്‍ എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെയും നിലപാട് അറിയിക്കാന്‍ കോടതി കഴിഞ്ഞ മാസം നിര്‍ദ്ദേശം നല്കിയിരുന്നു. മുസ്ലിം വ്യക്തി നിയമം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പേരില്‍ മാറ്റിയെഴുതാന്‍ ആവില്ലെന്ന് വ്യക്തമാക്കിയാണ് ബോര്‍ഡ് സത്യവാങ്മൂലം നല്കിയിരിക്കുന്നത്. വിവാഹബന്ധത്തില്‍ പരിഹരിക്കാനാകാത്ത അകല്‍ച്ച വരുമ്പോഴാണ് തലാഖ് ചൊല്ലാനുള്ള വ്യവസ്ഥയുള്ളത്.
വിവാഹ ബന്ധം തുല്യര്‍ തമ്മിലല്ല. പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ദുര്‍ബലരാണ്. കോടതിയില്‍ പോയാല്‍ നടപടി നീണ്ടു പോകും. അതിനാല്‍ ചില പുരുഷന്മാര്‍ ഒരു ഘട്ടത്തില്‍ ഭാര്യയെ ഒഴിവാക്കാനായി കൊലപാതകം ഉള്‍പ്പടെ നിയമവിരുദ്ധ വഴികള്‍ തേടാന്‍ സാധ്യതയുണ്ട്. ഇതിനെക്കാള്‍ നല്ലതാണ് മുതലാഖ് എന്നാണ് ബോര്‍ഡിന്റെ വാദം. ഒന്നിലധികം ഭാര്യമാര്‍ എന്നത് ഒരു സാമൂഹ്യ ആവശ്യമാണെന്നും ബോര്‍ഡ് വാദിക്കുന്നു. മുത്തലാഖ്, മൗലിക അവകാശം പ്രതിപാദിക്കുന്ന ഭരണഘടനയുടെ നാല് അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ഏകീകൃത സിവില്‍ കോഡിന് വാദിക്കുന്ന ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.