10:11 am 29/9/2016
പട്ന: വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയ ബിഹാര്‍വിരുദ്ധ പ്രസ്താവനയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബിഹാറുകൂടി ഏറ്റെടുക്കാമെങ്കില്‍ കശ്മീര്‍ പാകിസ്താന് വിട്ടുനല്‍കാമെന്ന കട്ജുവിന്‍െറ ഫേസ്ബുക് പോസ്റ്റിനെതിരെ ജനതാദള്‍ (യു) നിയമസഭാംഗം നീരജ് കുമാര്‍ നല്കിയ പരാതിയിലാണ് കേസ്.
സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ പ്രസ്താവനക്കെതിരെ വീണ്ടും പോസ്റ്റുമായി രംഗത്തുവന്ന കട്ജുവിനെതിരെ പട്ന ജില്ലാ കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാര്‍ ഹരജി നല്‍കിയിട്ടുമുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മറ്റു വകുപ്പുകളും ചേര്‍ത്താണ് കേസെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് നീരജ് കുമാര്‍ പരാതി നല്‍കിയത്. വാദം കേള്‍ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
കട്ജുവിന്‍െറ പ്രസ്താവന സംസ്ഥാനത്ത് രൂക്ഷവിമര്‍ശമാണ് വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്ക് പുറമെ, ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി എന്നിവരും പ്രതികരിച്ചിരുന്നു. വിമര്‍ശത്തെ തുടര്‍ന്ന്, താന്‍ ബിഹാറിനെക്കുറിച്ച് ഒരു തമാശ പറയുകമാത്രമാണ് ചെയ്തതെന്ന് കട്ജു ചൊവ്വാഴ്ച ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍, ബുധനാഴ്ച വീണ്ടും പ്രകോപനപരമായ പോസ്റ്റുമായി അദ്ദേഹം രംഗത്തുവന്നു. ബിഹാറുകാര്‍ തനിക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ പരാതിനല്‍കണമെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കട്ജു ബിഹാറിന്‍െറ രക്ഷിതാവാകാന്‍ നോക്കുകയാണെന്ന നിതീഷിന്‍െറ പ്രസ്താവനക്കെതിരെ ‘ബിഹാറിന്‍െറ പിതാവല്ല ഞാന്‍, അവരുടെ ശകുനി മാമയാണ്’ എന്ന് അദ്ദേഹം തിരിച്ചടിച്ചു.