മുപ്പത്തിയെട്ടുകാരനെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണപല്ലു കവര്‍ന്നു

പി.പി.ചെറിയാന്‍
കാലിഫോര്‍ണിയ: പട്ടാപകല്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ രണ്ടു കവര്‍ച്ചക്കാര്‍ മുപ്പത്തിയെട്ടുകാരനെ മുഖത്തടിച്ചു വീഴ്ത്തി സ്വര്‍ണ്ണ പല്ലു കവര്‍ന്നെടുത്തതായി സാന്‍ഫ്രാന്‍സിസ്‌ക്കൊ പോലീസ് പറഞ്ഞു.
ഇന്ന് ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകീട്ട് 4.30ന് കേര്‍ണി സ്ട്രീറ്റില്‍ വെച്ചായിരുന്നു അക്രമണം. അടിയേറ്റ് നിലത്തു വീണ ഉടനെ വായ്ബലമായി തുറന്ന് പല്ലു പറിച്ചെടുക്കുകയും, വീണ്ടും മര്‍ദ്ദിച്ചശേഷം കൈവശമുണ്ടായിരുന്ന സെല്‍ഫോണും തട്ടിയെടുത്താണ് അക്രമികള്‍ ഓടി രക്ഷപ്പെട്ടത്. മുഖത്തും, കാല്‍മുട്ടിലും പരിക്കേറ്റ മുപ്പത്തിഎട്ടുക്കാരനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും, പ്രതികള്‍ക്കുവേണ്ടി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.