മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരം: വി ഡി സതീശന്‍ എംഎല്‍എ

02:44pm 29/5/2016
19TH_MULLAPERIYAR_955631f
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തിരിക്കുന്ന നിലപാട് വഞ്ചനാപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി 3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടു മാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥതലത്തിലോ സര്‍ക്കാര്‍ അഭിഭാഷകരായോ ചര്‍ച്ച നടത്തിയതായി ജനങ്ങള്‍ക്ക് അറിവില്ല. മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നു തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി സമര്‍പ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളിലും കേരളത്തെ പ്രതികൂലമായി ബാധിക്കും. ഇത് കേരളത്തിന്റെ താല്‍പര്യങ്ങളെ ബലി കഴിക്കുന്നതാണ്. പിണറായി വിജയന്റെ ഏകപക്ഷീയമായ ഈ പ്രസ്താവന തമിഴ്‌നാടിന് സുപ്രീം കോടതിയില്‍ ആയുധമാവുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നും വി ഡി സതീശന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.