മുസ്ലീം വനിതയുടെ വസ്ത്രത്തിന് തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു

04:58 pm 15/9/2016

– പി. പി. ചെറിയാന്‍
Newsimg1_31007865
മന്‍ഹാട്ടന്‍ (ന്യൂയോര്‍ക്ക്): തിരക്കേറിയ മന്‍ഹാട്ടന്‍ ഫിഫ്ത്ത് അവന്യൂവിലൂടെ നടന്നു പോയിരുന്ന മുസ്ലീം സ്ത്രീയുടെ വസ്ത്രത്തിന് തീ കൊളുത്തിയ ശെഷം രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ന്യൂയോര്‍ക്ക് പോലീസ് ശക്തിപ്പെടുത്തി.

ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കുന്നതിന് ന്യൂയോര്‍ക്ക് നഗരം ഒരുങ്ങുന്നതിന് ഏതാനം മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം.

സെപ്റ്റംബര്‍ 10 ശനി രാത്രി 9 മണിക്ക് മുസ്ലീം സമുദായാചാര പ്രകാരം വസ്ത്രം ധരിച്ചു പോയിരുന്ന 35 വയസ്സ് പ്രായമുള്ള വനിതയെ പിന്തുടര്‍ന്ന് എത്തിയ പ്രതിയാണ് സിഗററ്റ് ലൈറ്റര ഉപയോഗിച്ചു വസ്ത്രത്തിന് തീ കൊളുത്തിയത്. ശക്തമായ ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വസ്ത്രത്തിന് തീ പിടിച്ച വിവരം ഇവര്‍ അറിയുന്നത്. ഉടനെ തീ അണക്കുവാന്‍ കഴിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സ്‌­കോട്ട്‌­ലാന്റില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഗ്ലാസ്‌­ക്കോയില്‍ നിന്നുള്ള വനിതാ ദന്ത ഡോക്ടര്‍.

സംഭവം വര്‍ഗ്ഗീയ ആക്രമണമാണോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വീഡിയോ പോലീസ് പുറത്തുവിട്ടു. മുസ്ലീം സമുദായങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമ പരമ്പരകളുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ വക്താവ് ഇബ്രാഹീം ഹൂപ്പര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനും, തടയുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്ക് മെയറോട് ഇവര്‍ ആവശ്യപ്പെട്ടു.