മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത

12:29pm 26/06/2016
unnamed
മെഹാദിഷു: മലയാളി അത് ലറ്റ് മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത. പോളിഷ് നാഷനല്‍ അത് ലറ്റിക് ചാംമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് 45.40 സെക്കന്‍ഡ് എന്ന ഒളിമ്പിക്സ് യോഗ്യതാ മാര്‍ക് അനസ് മറികടന്നത്. 400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ അരോകിയ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്.

അനസ് 45.44 സെക്കന്‍ഡിലും അരോകിയ രാജീവ് 45.47 സെക്കന്‍ഡിലുമാണ് 400 മീറ്റർ പൂർത്തിയാക്കിയത്. റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളി താരവും നൂറാമത്തെ ഇന്ത്യന്‍ താരവുമാണ് കൊല്ലം നിലമേൽ സ്വദേശിയായ അനസ്.

ഒളിമ്പിക്സ് യോഗ്യതാ നേടുമെന്ന് കരുതിയില്ലെന്നും നേട്ടത്തിൽ സന്തോഷമുണ്ടെന്നും അനസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ, ഡൽഹിയിൽ നടന്ന ഇന്ത്യൻ ഗ്രൻഡ്പ്രീയിൽ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക് അനസ് മറികടന്നിരുന്നു. എന്നാൽ, ഇലക്ട്രോണിക് ടൈമിങ് അടക്കമുള്ള സാങ്കേതിക സംവിധാനം ഇല്ലാത്തതിനാൽ യോഗ്യതയായി പരിഗണിച്ചിരുന്നില്ല. അനസിന് പുറമെ മലയാളി താരങ്ങളായ ഒ.പി ജെയ്ഷ, ടിന്‍റു ലൂക്ക, കെ.ടി ഇർഫാൻ, ടി. ഗോപി എന്നിവർ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു.