മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ.

09:13 AM 26/10/2016
download
തൃശൂർ: മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ. ബാലകൃഷ്ണൻ കോൺഗ്രസിന്റെ ശാപമെന്നും മകളെ മേയറാക്കാൻ ഗാന്ധി ഘാതകരുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപിക്കുന്ന പോസ്റ്റർ ജനാധിപത്യ ഐ ഗ്രൂപ്പിന്റെ പേരിലാണ്. വിജയത്തിന്റെ കൊടുമുടി കയറിയെന്ന് തോന്നിയാൽ പിന്നെ നേതാക്കൾ സ്വയം വിരമിക്കണമെന്ന എ കെ. ആന്റണിയുടെ വാക്കുകളും പോസ്റ്ററിലുണ്ട്​.

ഡി.സി.സി പ്രസിഡന്റാവാൻ സി.എൻ. സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾക്കിടക്കാണ് പോസ്റ്ററുകൾ നിരന്നത്. സി.എൻ ഐ ഗ്രൂപ്പുകാരനാണ്. എന്നാൽ തൃശൂരിൽ ഐ ഗ്രൂപ്പ് ഇപ്പോൾ മൂന്നായിരിക്കുകയാണ്. സി.എൻ ഇന്ന് സ്വന്തം പക്ഷത്തിന്റെ യോഗം വിളിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെച്ചു സി. എൻ അധികാര മോഹിയാണെന്നും ഒറ്റപ്പെടുത്തണമെന്നും പോസ്റ്ററിൽ ആഹ്വാനമുണ്ട്.