മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാട്രിക്ക് മിഷന്‍ പ്രോജക്ടറ്റിന്റെ ഭാവി അനിശ്ചിതത്വത്തില്‍

11:30am 6/6/2016

– -പി.പി.ചെറിയാന്‍
unnamed
ഡാളസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക്ക് മരുതുംമൂട്ടലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത് സഭാ സ്‌നേഹികളേയും, പ്രത്യേകിച്ചും യുവജനങ്ങളേയും, കുടുംബാംഗങ്ങളേയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുന്നു.

മലയാളികളായ ചെറിയാന്‍-ജസ്സി ദമ്പതിമാരുടെ ഏകമകനായ പാട്രിക്കിന്റെ ജനനം 1987 മാര്‍ച്ച് ഒന്നിന് കൊയമ്പത്തൂരിലായിരുന്നു. യു.എ.ഇയില്‍ ബാല്യകാലവും, ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍്ത്തീകരിച്ചു. 2004 ലാണ് ഉപരിപഠനാര്‍ത്ഥം ഡാളസ്സിലെത്തിയത്.
ഫുള്‍ സ്‌കോളര്‍ഷിപ്പോടെ യു.എന്‍.ടിയില്‍ നിന്നും ഇലക്ട്രിക്ക് എന്‍ജിനീയറിംഗില്‍ ബിരുദവും, 2010 ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ടെക്‌സസ് ഇസ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു, സിസ്റ്റം എന്‍ജിനീയറിംഗില്‍ രണ്ടാമതൊരു ബിരുദാനന്തര ബിരുദത്തിനുള്ള പഠനം തുടരുന്നതിനിടയിലാണ് ആകസ്മികമായി ആ ധന്യ ജീവിതത്തിന് 2013 ജൂണ്‍ 4ന് തിരശ്ശീല വീണത്.

മാതാവ് ജെസ്സിയുടെ ഗിറ്റാറില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച പാട്രിക്കിന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ സംഗീതത്തിന്റെ സ്ഥാനം അതുല്യമായിരുന്നു. ഔദ്യോഗീക സമയങ്ങളിലൊഴികെ ഗിറ്റാറില്ലാതെ പാട്രിക്കിനെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോര്‍ട്‌സിലും അതീവ താല്‍പര്യം ്പ്രകടിപ്പിച്ചിരുന്ന പാട്രിക്ക് ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്നപോലെ ജീവിതത്തില്‍ സംഗീതത്തിനും സ്‌പോര്‍ട്‌സിനും തുല്യപ്രധാന്യമാണ് നല്‍കിയിരുന്നത്.

ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്‌ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികള്‍ക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക്ു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പ്ാട്രിക്ക് മരുതുംമൂട്ടില്‍.
കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് കൈസ്ഥാന സമിതിയംഗം, സണ്ടെ സ്‌ക്കൂള്‍ അധ്യാപകന്‍, യൂത്ത് ഫെലോഷിപ്പ് അഡൈ്വസര്‍, മിഷന്‍ ട്രിപ് വളണ്ടിയര്‍ ആന്റ് കോര്‍ഡിനേറ്റര്‍, തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ പാട്രിക്ക് അലങ്കരിച്ചിരുന്നു.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബ്രോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്്ക്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി സുഹൃത്തുക്കളുമൊത്ത് കാറില്‍ യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 2013 ജൂണ്‍ 4ന് പാട്രിക്കിനെ മരണം കീഴ്‌പെടുത്തുകയായിരുന്നു.

ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകളില്‍ മാര്‍ത്തോമാ സഭാ മെത്രാപോലീത്തായും ഭദ്രാസന എപ്പിസ്‌ക്കോപ്പായും പൂര്‍ണ്ണസമയവും പങ്കെടുത്തു എന്നത് പാട്രിക്കിന്റെ ഹൃസ്വകാല സേവനങ്ങള്‍ക്ക് മാര്‍ത്തോമാ സഭ എത്ര മാത്രം വിലകല്‍പിച്ചിരുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പാട്രിക്ക് മിഷന്‍ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടായത്.

മിഷന്‍ പ്രോജക്ട് ധനശേഖരണ ഉല്‍ഘാടനം ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ ആദ്യ ചെക്ക് ന്ല്‍കി ഉല്‍ഘാടനം ചെയ്തു. ഭദ്രാസന എപ്പിസ്‌ക്കോപ്പാ രചിച്ച പുസ്തക പ്രകാശ കര്‍മ്മത്തിനിടെ പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ ഇതിനായി നല്‍കുമെന്ന് വിവിധ സഭാ പിതാക്കന്മാരുടേയും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടേയും സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനം കൂടിയിരുന്ന സഭാ വിശ്വാസികളും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ജൂബിലി ആഘോഷങ്ങള്‍ പിന്നിട്ടതോടെ മിഷന്‍ പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുവെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. പാട്രിക്കിന്റെ ഒന്നാം ചരമവാര്‍ഷീക ദിനമായ 2014 ജൂണ്‍ 4ന് പ്രോജക്ടിന്റെ ഭാഗമായി ഒക്കലഹോമ ബ്രോക്കന്‍ബോയില്‍ ഒരു ലൈബ്രററി കെട്ടിടം കൂദാശ ചെയ്യുന്നുമെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ പാട്രിക്ക് മിഷന്‍ പ്രോജക്ട് പൂര്‍ത്തീകരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ സ്ഥലമാറ്റം പ്രോജക്റ്റിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.

2016 മെയ് മാസം ഡാളസ് സന്ദര്‍ശനത്തിനെത്തിയ ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ പ്രോജക്ട്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുകയും മൂന്നു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാനാവാത്ത പ്രോജക്ട് മുന്നോട്ടു കൊണ്ടുപോകുന്നതു നിരര്‍ത്ഥകമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുകയും ചെയ്തു.
മെത്രാപോലീത്തായുടെ ആശയം സദാജനങ്ങളെ മറ്റൊരു പനഥാവിലൂടെയാണ് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ലക്ഷകണക്കിന് ഡോളര്‍ ചിലവഴിച്ചു ചിലരുടെ നിക്ഷിപ്ത താല്പര്യം സംരക്ഷിക്കുന്നതിനും, പ്രശസ്തിക്കും വേണ്ടി പണിതുയര്‍ത്തുന്ന ദേവാലയങ്ങളില്‍ യുവജനങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്തും, അനുദിനം വളര്‍ച്ച പ്രാപിക്കുന്ന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ലോകത്തിലെ ഏതുസംഭവങ്ങളും, ചരിത്രവും നിമിഷം നേരം കൊണ്ടു വിരല്‍ തുമ്പില്‍ ലഭ്യമായിരിക്കെ പുസ്തകങ്ങളോ, ഡിജിറ്റല്‍ സിഡികളോ സൂക്ഷിക്കുന്നതിന് ലൈബ്രറി കെട്ടിടം പണിതുയര്‍ത്തുക എന്ന ആശയം കാലഹരണപ്പെട്ടതാണെന്ന് വലിയൊരു വിഭാഗം വാദിക്കുന്നു. മാത്രമല്ല വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഒത്തു ചേരുന്നതിനു വലിയൊരു തുക മുടക്കി കെട്ടിടം പണിയേണ്ടതില്ലെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.

പാട്രിക്ക് മിഷന്‍ പ്രോജക്റ്റിന്റെ ആവശ്യത്തിനായി ഇതുവരെ സമാഹരിച്ച തുക ഒരു എന്‍ഡോവ്‌മെന്റ് ഫണ്ടായി മാറ്റുകയും, ഇതില്‍ നിന്നും നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും വേണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന ലഭിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിര്‍ത്തുന്നതിനുതകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

പുതിയതായി ഭദ്രാസന ചുമതലേറ്റെടുത്തിരിക്കുന്ന ഫിലിക്‌സിനോസ് എപ്പിസ്‌ക്കോപ്പാ ഈ വിഷയം പഠിച്ചു ഉചിതമായ ഒരു തീരുമാനം കൈകൊള്ളുമെന്നാണ് സഭാജനങ്ങളും കുടുംബാംഗങ്ങളും പ്രതീക്ഷിക്കുന്നത്.

ഒരു പുരുഷായുസ്സില്‍ പോലും ചെയ്തുതീര്‍ക്കുവാന്‍ അസാധ്യമായ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ആയുസ്സില്‍ പൂര്‍ത്തീകരിച്ചു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ യുവപ്രതിഭ പാട്രിക്കിന്റെ, മൂന്നാംചരമവാര്‍ഷീക ദിനമായ ജൂണ്‍ 4ന് ആ പാവന സ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജീമോന്‍ റാന്നി