മൂന്ന് ദിവസം കൊണ്ട് കണ്ടത് രണ്ടുകോടി; കബാലി ഇറങ്ങുംമുമ്പ് സൂപ്പര്‍ഹിറ്റ്

03:34pm 6/5/2016

ഇന്ത്യന്‍ സിനിമയില്‍ ഇത്ര വലിയ സ്വീകരണം ഒരു സിനിമയുടെ ടീസറിനും ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ വേണം കരുതാന്‍. രജനീകാന്തിന്റെ പുതിയ സിനിമ കബാലി യുടെ ടീസര്‍ മൂന്ന് ദിവസം കൊണ്ട് കണ്ടത് രണ്ടു കോടി പേര്‍. റിലീസിന് മുമ്പ് തന്നെ ടീസര്‍ വന്‍ഹിറ്റായി മാറിയതോടെ സിനിമയുടെ പ്രതീക്ഷയും കൂടിയിരിക്കുകയാണ്.
യൂ ട്യൂബില്‍ ഇതിനകം മൂന്ന് ലക്ഷത്തി മുപ്പതിനായിരം ലൈക്കുകള്‍ കിട്ടിയ കബാലി നിലവിലുള്ളഎല്ലാ യൂട്യൂബ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ലൈക്ക് കിട്ടിയ ടീസറായി മാറിയിരിക്കുകയാണ്. മാര്‍വല്‍ കോമിക്‌സിന്റെ അവഞ്ചേഴ്‌സ് മാത്രമാണ് യൂ ട്യൂബ് ലൈക്കിന്റെ കാര്യത്തില്‍ കബാലിക്ക് മുന്നിലുള്ളത്. രജനീകാന്തിന്റെ സുപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ബാഷയെ ഓര്‍മ്മിപ്പിക്കുന്ന സിനിമയുടെ ടിസറിന് 1.06 സെക്കന്റാണ് ദൈര്‍ഘ്യം.
സോഷ്യല്‍ മീഡിയയില്‍ പ്രധാന താരങ്ങളെല്ലാം ഷെയര്‍ ചെയ്തിട്ടുള്ള ടീസറില്‍ നായിക രാധിക ആപ്‌തേയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറെ കാലത്തിനു ശേഷം രജനീ സ്വന്തം പ്രായത്തില്‍ വരുന്ന ചിത്രത്തില്‍ മലേഷ്യന്‍ അധോലോക രാജാവ് കബാലീശ്വരനെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. പാ രഞ്ജിത്താണ് സംവിധാനം.