മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.

04:24pm 30/5/2016
1464601553_1464601553_1464515915_1464515915_gorilla

സിന്‍സിനാറ്റി: മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. യു.എസിലെ സിന്‍സിനാറ്റിയിലെ മൃഗശാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൃഗശാല അധികൃതരുടെ അനാസ്ഥയ്ക്ക് ഗൊറില്ലയുടെ ജീവന്‍ ബലികൊടുത്തുവെന്ന് മൃഗസ്‌നേഹികള്‍ ആരോപിച്ചു.
ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിലൂടെ ഗൊറില്ലയെ കൊന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സൈറ്റില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ രണ്ടായിരം പേര്‍ ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. സിന്‍സിനാറ്റി പോലീസ് മേധാവികള്‍ക്കെതിരെയും കുട്ടിയെ ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
ഹരാമ്പെ എന്ന ആണ്‍ ഗൊറില്ലയെയാണ് മൃഗശാല അധികൃതര്‍ വെടിവച്ച് കൊന്നത്. ജസ്റ്റിസ് ഫോര്‍ ഹരാമ്പെ എന്ന ഫെയ്‌സ്ബുക്ക് പേജും മൃഗസ്‌നേഹികള്‍ തുടങ്ങിയിട്ടുണ്ട്. പന്ത്രണ്ട് അടി താഴ്ചയുള്ള ഗൊറില്ല കൂട്ടിലേക്കാണ് കുട്ടി വീണത്. പത്ത് മിനിറ്റോളം കൂട്ടില്‍ ചെലവഴിച്ച കുട്ടിയെ രക്ഷിക്കുന്നതിനാണ് ഗൊറില്ലയെ കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്.