മെഡിക്കല്‍ പ്രവേശം; ജയിംസ് കമ്മിറ്റി വാദം കേള്‍ക്കല്‍ ഇന്നും തുടരും

11:24 am 22/9/2016
download (4)
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശം നിഷേധിച്ച പരാതികളില്‍ ജയിംസ് കമ്മിറ്റിയുടെ വാദം കേള്‍ക്കല്‍ വ്യാഴാഴ്ചയും തുടരും. നാല് മെഡിക്കല്‍ കോളജുകളെക്കുറിച്ചുള്ള പരാതികളാണ് ഇനിയും അവശേഷിക്കുന്നത്. ജയിംസ് കമ്മിറ്റിയുടെ നടപടികളെ ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളും എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ പ്രവേശം നേടിയ ഏാതാനും വിദ്യാര്‍ഥികളും ഹൈകോടതിയെ
സമീപിച്ചിട്ടുണ്ട്.

ഈ കേസുകള്‍ വ്യാഴാഴ്ച കോടതി പരിഗണിക്കും. പ്രവേശ നടപടികളില്‍ സുതാര്യതക്കായി അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചതടക്കമുള്ള ജയിംസ് കമ്മിറ്റി ഇടപെടലുകളാണ് കോളജുകള്‍ ചോദ്യം ചെയ്തത്. പാലക്കാട് പി.കെ. ദാസ്, അസീസിയ, അല്‍ അസ്ഹര്‍, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജുകളെക്കുറിച്ചുള്ള പരാതികളാണ് ജയിംസ് കമ്മിറ്റി വ്യാഴാഴ്ച പരിഗണിക്കുക. കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങില്‍ പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളജിനോട് അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യോഗ്യരായവരുടെയും അപേക്ഷ നിരസിക്കപ്പെട്ടവരുടെയും പട്ടികക്കൊപ്പം എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്കുള്ള അപേക്ഷകരുടെ പട്ടികയും പ്രസിദ്ധീകരിക്കണം. മതിയായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിച്ചെന്ന പരാതികളില്‍ വ്യാഴാഴ്ച 11.30ന് തുടര്‍വാദം കേള്‍ക്കും.

ഇ-മെയിലില്‍ അടക്കം 15ഓളം പരാതികളാണ് ഈ കോളജിനെതിരെ സമിതിക്ക് ലഭിച്ചിരുന്നത്. ഫീസ് അടച്ചതിനാല്‍ പ്രവേശം റദ്ദാക്കരുതെന്നാവശ്യപ്പെട്ടാണ് എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. പ്രവേശത്തിനായി 17ന് കോളജില്‍ എത്താത്ത വിദ്യാര്‍ഥികളാണ് ജയിംസ് കമ്മിറ്റി മുമ്പാകെ പരാതികള്‍ ഉന്നയിച്ചിട്ടുള്ളതെന്നാണ് ഇവരുടെ വാദം.

എന്നാല്‍ പ്രവേശം നേടിയവരെക്കാള്‍ യോഗ്യത തങ്ങള്‍ക്കാണെന്നും ഈ മാസം 14 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കോളജിലത്തെിയിട്ടും പരിഗണിച്ചില്ളെന്നുമാണ് എതിര്‍ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്. അസീസിയ മെഡിക്കല്‍ കോളജിനെതിരായ പരാതികള്‍ കമീഷനു മുന്നില്‍ എത്തിയിരുന്നെങ്കിലും കോളജ് പ്രതിനിധികള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പരാതികള്‍ 22ന് രാവിലെ 10.30ന് പരിഗണിക്കാന്‍ മാറ്റിയത്. അല്‍അസ്ഹര്‍, ട്രാവന്‍കൂര്‍ എന്നീ കോളജുകള്‍ക്കെതിരായ പരാതികളും വ്യാഴാഴ്ച ഉച്ചക്ക് 2.30നും 4.30നുമായി പരിഗണിക്കും.

ചൊവ്വാഴ്ച പരാതികള്‍ പരിഗണിച്ച തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്, എറണാകുളം ശ്രീനാരായണ, അടൂര്‍ മൗണ്ട് സീയോണ്‍, പുഷ്പഗിരി, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളോട് മെറിറ്റ് പാലിക്കാനാവശ്യമായ നടപടികള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ കാരണമില്ലാതെ അപേക്ഷ നിരസിക്കപ്പെട്ടവരുണ്ടെങ്കില്‍ അവരെക്കൂടി പ്രവേശ നടപടികളില്‍ പങ്കെടുപ്പിക്കണം.

കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ അര്‍ഹരായ രണ്ട് കുട്ടികള്‍ക്ക് പ്രവേശം നല്‍കാനും പ്രോസ്പെക്ടസ് വ്യവസ്ഥകള്‍ പാലിക്കാനും നിര്‍ദേശിച്ചു. അടുത്തവര്‍ഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്താന്‍ കോളജിന് അനുമതി
നല്‍കി.