മെഡിക്കല്‍ പ്രവേശനം: ഏകീകൃത ഫീസ് പാവപ്പെട്ട വിദ്യാര്‍ഥികളെ ബാധിക്കും

10:00 am 22/08/2016
download (2)
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെയും പ്രവശാധികാരം ഉറപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം മെറിറ്റ് സീറ്റിലെ ഫീസ് കുത്തനെ ഉയര്‍ത്താമെന്ന വ്യവസ്ഥയില്‍. ഇത് നിര്‍ധന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ബി.ഡി.എസ് പ്രവേശത്തിന് സര്‍ക്കാറും മാനേജുമെന്റുകളും ധാരണയിലത്തെിയപ്പോള്‍ മെറിറ്റ് സീറ്റില്‍ പ്രവേശം നേടി കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്.

ഏകീകൃത ഫീസിനാണ് ഡെന്റല്‍ കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലത്തെിയത്. ഇതനുസരിച്ച് 85 ശതമാനം സീറ്റുകളിലേക്കും നാലു ലക്ഷമാണ് ഫീസ്. ഇതില്‍ 10 ശതമാനത്തില്‍ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 50,000ത്തിന് പ്രവേശം നല്‍കും. എന്‍.ആര്‍.ഐ സീറ്റില്‍ 5.75 ലക്ഷവും. നേരത്തേ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റുകളില്‍ 44 ശതമാനത്തിലും 23,000 രൂപക്കും 56 ശതമാനത്തില്‍ 1.75 ലക്ഷം രൂപക്കും പ്രവേശം നടന്നിരുന്നു. ഈ വര്‍ഷം ഏകീകൃത ഫീസ് വരുന്നതോടെ കുറഞ്ഞ ഫീസില്‍ പഠിക്കാനാവുമായിരുന്ന വിദ്യാര്‍ഥികള്‍ക്കും നാലു ലക്ഷം വേണ്ടിവരും. ഫലത്തില്‍ മെറിറ്റില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാറുണ്ടാക്കിയ ധാരണ കനത്ത തിരിച്ചടിയാണ്.

ഇതേ നീക്കംതന്നെയാണ് മെഡിക്കല്‍ പ്രവേശത്തിനും ലക്ഷ്യമിട്ടത്. ഏകീകൃത ഫീസ് എന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനുള്ള സാധ്യത ഏറെയാണ്. മെഡിക്കല്‍ ഏകീകൃത ഫീസായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. എന്‍.ആര്‍.ഐ സീറ്റില്‍ 20ലക്ഷവും. ഇതില്‍ ചര്‍ച്ച നടത്തി അല്‍പം നിരക്ക് കുറച്ച് ഏകീകൃത ഫീസ് അംഗീകരിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍, 50 ശതമാനം സീറ്റുകളിലെ പ്രവേശാധികാരത്തില്‍ സര്‍ക്കാര്‍ കൈവെച്ചതോടെ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഇടയുകയായിരുന്നു. മിക്ക മാനേജ്‌മെന്റുകളും ഇതിനകം മാനേജ്‌മെന്റ് സീറ്റിലേക്ക് വന്‍ തുക വാങ്ങി സീറ്റ് ഉറപ്പുനല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം എം.ബി.ബി.എസിന് സ്വാശ്രയ കോളജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നേടിയവരില്‍ 14 ശതമാനം സീറ്റുകളിലെ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 ആയിരുന്നു ഫീസ്. ബാക്കി മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്നവര്‍ക്ക് 1.85 ലക്ഷവും. ഈ തുകയാണ് ഏകീകൃത ഫീസ് നടപ്പാക്കിയാല്‍ പതിന്മടങ്ങായി വര്‍ധിക്കുക. മെറിറ്റില്‍ പ്രവേശം നേടിയാലും വന്‍ തുക ഫീസ് ഈടാക്കിയാല്‍ അതു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാനാകില്ല. മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത ഫീസ് നിരക്ക് കൊണ്ടുവരുന്നത് ഭീതിയോടെയാണ് അവര്‍ വീക്ഷിക്കുന്നത്.

മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും പ്രവേശം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പൊതുസമൂഹത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസരം കവര്‍ന്നെടുക്കുന്നത് കൂടിയായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.