മെഹബൂബ അധികാരത്തിലേക്ക്

9:06am 25/3/2016
mehbooba-mufti-650_650x400_61458820231

ശ്രീനഗര്‍: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് കളമൊരുങ്ങി. പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാവും.
മെഹബൂബയുടെ വസതിയില്‍ വ്യാഴാഴ്ച ചേര്‍ന്ന പാര്‍ട്ടി നിയമസഭാംഗങ്ങളുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തിലാണ് മെഹബൂബയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇനി പാര്‍ട്ടിയെ പിന്തുണച്ചുള്ള ബി.ജെ.പിയുടെ കത്ത് മാത്രം മതി കശ്മീരില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍. പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് മെഹബൂബ ഉടന്‍ ഗവര്‍ണറെ കാണും. യോഗത്തിന് മുമ്പ് പിതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ ഖബറിടത്തില്‍ മെഹബൂബ സന്ദര്‍ശനം നടത്തി.

മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്നു മാസമായി പുതിയ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായിരുന്നു. മുഫ്തിയുമായി ബി.ജെ.പി ഉണ്ടാക്കിയ ധാരണകളില്‍ മാറ്റമില്ലെന്ന വ്യക്തമായ ഉറപ്പാണ് മെഹബൂബ ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലി പലവട്ടം ചര്‍ച്ച നടന്നെങ്കിലും തീര്‍പ്പുണ്ടായില്ല. ജനുവരി ഏഴുമുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മുകശ്മീര്‍. മെഹബൂബ മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുക്കുന്ന ആദ്യ വനിതാ മുഖ്യമന്ത്രിയാകും അവര്‍.