മേനകാ ഗാന്ധിയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നു.

04:03pm 09/07/2016
download (5)
ന്യൂഡല്‍ഹി: ബലാല്‍സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ ഹാജരാകണമെന്ന വനിതാ കമ്മീഷന്റെ നിര്‍ദേശമാണ് ഇത്തവണ മന്ത്രിയെ ചൊടിപ്പിച്ചത്. കമ്മീഷന്റെ മുന്നില്‍ നിരവധി ബലാല്‍സംഗ കേസുകള്‍ നിലനില്‍ക്കെ സെലിബ്രിറ്റികളുടെ കേസുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ട കാര്യമില്ലെന്ന് ലളിത കുമാരമംഗലത്തോട് ഒരു യോഗത്തില്‍ വെച്ച് മന്ത്രി തുറന്നടിച്ചെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്റെ വിഷയത്തില്‍ മൃദുസമീപനം സ്വീകരിച്ചാല്‍ അതൊരു കീഴ്വഴക്കമാകുമെന്നും കമീഷന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രേരണ നല്‍കുമെന്നുമായിരുന്നു കുമാരമംഗലത്തിന്റെ മറുപടി.

എന്നാല്‍, സല്‍മാനെതിരെ സമന്‍സ് അയക്കുന്നതിന് മുമ്പ് കൂടിയാലോചിക്കാത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

ട്രോളിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയ മന്ത്രിയുടെ തീരുമാനത്തെ കമീഷന്‍ അധ്യക്ഷ നേരത്തേ എതിര്‍ത്തിരുന്നു.

അതേസമയം, ബലാല്‍സംഗ പരാമര്‍ശവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയും സല്‍മാന്‍ ഖാന്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരായില്ല. സല്‍മാന്റെ ലീഗല്‍ സംഘത്തിന്റെ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും ലളിത കുമാരമംഗലം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

വിഷയത്തില്‍ നടനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കിയില്ല. മാപ്പ് പറയുകയോ കമീഷന് മുന്നില്‍ ഹാജരാകുകയോ ചെയ്തില്ലെങ്കില്‍ സല്‍മാനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷ നേരത്തേ വ്യക്തമാക്കിയിരുന്നു.