മേരിലാന്റില്‍ നൈനയ്ക്ക് പുതിയ ചാപ്റ്റര്‍

09:20 am 23/8/2016
Newsimg1_37856280 (1)

Newsimg1_37856280 (1)
ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ഇന്‍ഡ്യന്‍ വംശജരായ നഴ്‌സിംഗ് സമൂഹത്തെ നൈനയുടെ കുടക്കീഴില്‍ ചേര്‍ത്തുകൊണ്ട് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മേരിലാന്റ് (IANAM) നിലവില്‍ വന്നു. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ സംഭാവന നല്‍കുവാനും, അമേരിക്കന്‍ ആരോഗ്യരംഗത്തിന്റെ വിവിധ മേഖലകളില്‍ ഇന്‍ഡ്യന്‍ നഴ്‌സുമാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും ഉതകുന്ന പരിശീലന പരിപാടികളുമായി നിലകൊള്ളുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയാണ് നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക. നൈനയുടെ പ്രസക്തി ഇന്‍ഡ്യന്‍ നഴ്‌സിംഗ് സമൂഹം തിരിച്ചറിയുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ പുതിയ ചാപ്റ്റര്‍.

ഇക്കഴിഞ്ഞ മെയ് ഏഴാംതീയതി മേരിലാന്റിലെ അത്യുത്സാഹികളായ ഒരുകൂട്ടം നഴ്‌സുമാര്‍ ഡോ. അല്‍ഫോന്‍സാ റഹ്മാന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നു. ഇന്റര്‍നാഷണല്‍ നഴ്‌സസ് വാരാഘോഷത്തോടൊപ്പം നൈനയുടെ ഒരു ചാപ്റ്റര്‍ എന്ന സംരംഭവും ചര്‍ച്ച ചെയ്യപ്പെട്ടു. ചുരുങ്ങിയ ഈ നാലു മാസത്തിനുള്ളില്‍ മേരിലാന്റ് സ്റ്റേറ്റ് രജിസ്‌ട്രേഷനും അതുപോലുള്ള നിയമപരമായ രേഖകളും സമ്പാദിച്ച് ഐ.എ.എന്‍.എ.എം എന്ന പേരില്‍ നൈനയുടെ മേരിലാന്റ് ചാപ്റ്റര്‍ നിലവില്‍വന്നു.

ആരോഗ്യരംഗത്തെ എല്ലാ നഴ്‌സിംഗ് മേഖലകളിലും തിളങ്ങിനില്‍ക്കുന്ന ഒരു നേതൃത്വനിര ഐ.എ.എന്‍.എ.എമ്മിനുണ്ട്. പ്രസിഡന്റ് അല്‍ഫോന്‍സ് റഹ്മാനൊപ്പം (DNP, APRN- CNS,CCRN), ലിന്‍സി കുടലി (MSN CRNA), ഷീബ പറനിലം (Phd, MBA, CRNA), അമ്മിണി നൈനാന്‍ (MSN, CMSRN), ചിന്നു ഏബ്രഹാം (BSN, CMSRN), ആലീസ് ഫ്രാന്‍സീസ് (BSNOCN, RN), സോളി ഏബ്രഹാം (MSN, RN, ACNP-BC), സൂര്യ ചാക്കോ (MSN, RN, FNP- BC), വിജയ രാമകൃഷ്ണന്‍ (MSN, RN), ബാല കുളന്തൈവല്‍ (MSN, RN), എല്‍ദോ ചാക്കോ (BSN, CMSRN), ആഷ്‌ലി ജയിംസ് (BSN, RN) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടന രൂപപ്പെടുത്തുന്നതിന് ഇടയാക്കി.

ഓഗസ്റ്റ് 20-നു ബാള്‍ട്ടിമോറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നൈന പ്രസിഡന്റ് സാറ ഗബ്രിയേലിന്റെ സാന്നിധ്യത്തില്‍ മേരിലാന്റ് ബോര്‍ഡ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ് ഡോ. സബീറ്റ പെര്‍സോദ് ഐ.എന്‍.എ.എമ്മിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് നഴ്‌സിംഗ് ഡീന്‍ ഡോ. പട്രീഷ്യാ ഡേവിഡ്‌സണ്‍, ടൗസണ്‍ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. നിക്കി ഓസ്റ്റിന്‍, നൈന സെക്രട്ടറി മേരി ഏബ്രഹാം, നോര്‍ത്ത് കരോളിന ചാപ്റ്റര്‍ പ്രസിഡന്റ് ലത ജോസഫ്, ഹോവാര്‍ഡ് കമ്യൂണിറ്റി കോളജ് അധ്യാപകര്‍ തുടങ്ങി നഴ്‌സിംഗ് രംഗത്ത് അറിയപ്പെടുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ആശംസകളും ഐ.എന്‍.എ.എം അംഗങ്ങള്‍ക്ക് പ്രചോദനമായി.

യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഐ.എന്‍.എ.എം അതിവേഗം ഒരു ചാപ്റ്ററായി രൂപപ്പെട്ടതില്‍ അത്ഭുതപ്പെട്ടു. ഐ.എന്‍.എ.എമ്മിന്റെ വളര്‍ച്ച അതിവേഗത്തിലും നാനാതലത്തിലും സംഭവിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഒരുകൂട്ടം നഴ്‌സുമാരെ യോഗത്തില്‍ കാണുവാന്‍ സാധിച്ചു.

നൈനയുടെ ബയനിയല്‍ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ ഒരു പുതിയ ചാപ്റ്റര്‍ ഉദയം ചെയ്തത് അമേരിക്കയിലെ നഴ്‌സുമാരുടെ ഒരേയൊരു ശബ്ദമായി നിലകൊള്ളുന്ന നൈനയ്ക്ക് അഭിമാനത്തിനു വകനല്‍കുന്നു. നൈന പ്രസിഡന്റ് സാറ ഗബ്രിയേല്‍ ഐ.എന്‍.എ.എമ്മിന്റെ രൂപീകരണത്തിനു ശക്തമായ പിന്തുണയും നിരന്തരമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കി.

നൈനയുടെ കുടക്കീഴില്‍ അമേരിക്കയിലെ ഇന്‍ഡ്യന്‍ നഴ്‌സുമാരുടെ സമൂഹത്തിലേക്ക് ഐ.എന്‍.എ.എമ്മിലൂടെ കടന്നുവരുവാന്‍ മേരിലാന്റിലുള്ള ഇന്‍ഡ്യന്‍ വംശജരായ നഴ്‌സുമാരെ സസന്തോഷം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ianam.org