മോഡിക്ക്‌ ബിരുദമില്ലെന്ന്‌ കെജ്രിവാള്‍

10:35am 5/5/2016
download
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ബി.എ ബിരുദമില്ലെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ രേഖകള്‍ കാണിക്കാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിസമ്മതിക്കുകയാണെന്നും അരവിന്ദ്‌ കെജ്രിവാള്‍ പറഞ്ഞു. മോഡിക്ക്‌ ബി.എ ബിരുദമില്ലെന്നാണ്‌ തനിക്ക്‌ ലഭിച്ച വിവരമെന്നും കെജ്രിവാള്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബിരുദ രേഖകള്‍ പുറത്തുവിടുന്നതന്‌ ഡല്‍ഹി സര്‍വ്വകലാശാല മടിക്കുന്നത്‌ എന്തിനാണെന്ന്‌ കെജ്രിവാള്‍ ചോദിച്ചു. സര്‍വ്വകലാശാലയില്‍ ഇത്‌ സംബന്ധിച്ച രേഖകളില്ലെന്നും ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
മോഡി ഡല്‍ഹി സര്‍വ്വകലാശാലയില്‍ പഠനത്തിന്‌ പ്രവേശിച്ചതിന്റെയോ ബിരുദത്തിന്റെ മാര്‍ക്ക്‌ ഷീറ്റിന്റെയോ രേഖകള്‍ സര്‍വ്വകലാശാലയുടെ കൈയ്യില്‍ ഇല്ലെന്നും കെജ്രിവാള്‍ ആരോപിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന്‌ ബി.എയും ഗുജറാത്ത്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും നേടിയതായാണ്‌ മോഡി സത്യവാങ്‌മൂലം നല്‍കിയത്‌.
മോഡി പൊളിറ്റിക്കല്‍ സയന്‍സില്‍ ഗുജറാത്ത്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം നേടിയെന്ന്‌ ഒരു പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.