മോഡിയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ, ട്രെന്‍ഡിങ്‌ ടാഗായി ‘പോ മോനെ മോഡി’

07:58pm 12/5/2016
1462995969_n1205k
തിരുവനന്തപുരം: കേരളത്തെ സോമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഏറ്റെടുത്ത്‌ ഇടതു-വലതു മുന്നണികള്‍ വിമര്‍ശനവുമായി രംഗത്ത്‌. കേരളത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്‌ത മോഡിയുടെ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്‌തമായ പ്രതിഷേധമാണ്‌ അരങ്ങേറുന്നത്‌. പോ മോനെ ദിനേശാ എന്ന സിനിമാ ഡയലോഗ്‌ മാറ്റി പോ മോനെ മോഡി എന്ന ഹാഷ്‌ ടാഗിലൂടെയാണ്‌ പ്രതിഷേധം ഫെയ്‌സ്‌ബുക്കിലും ട്വിറ്ററിലും പൊങ്കാലയിടുന്നത്‌.
മലയാളികള്‍ക്കു പുറമേ മോഡി വിരുദ്ധരും പരാമര്‍ശം ഏറ്റുപിടിച്ചതോടെ ബി.ബി.സി. ന്യൂസ്‌ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളിലും വിഷയം വാര്‍ത്തയായിട്ടുണ്ട്‌. ഇതോടെ ട്വിറ്ററില്‍ പോ മോനേ മോഡി ട്രെന്റിങ്‌ ടാഗായി മാറി. വിഷയം കൈവിട്ടു പോയതോടെ പരാമര്‍ശം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ്‌ കേരളത്തിലെ ബി.ജെ.പി. നേതൃത്വം. അതേസമയം കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ആദിവാസി കൂട്ടികള്‍ മാലിന്യങ്ങളില്‍നിന്നു വിശപ്പടക്കിയ മാധ്യമവാര്‍ത്തയാണ്‌ പ്രധാനമന്ത്രി പരാമര്‍ശിച്ചതെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം വ്യക്‌തമാക്കി. സത്യം തുറന്ന്‌ പറയുന്നത്‌ രാജ്യത്തിന്‌ നല്ലതുവരണമെന്ന ഉദ്ദേശത്തോടെയാമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ മിക്ക മേഖലകളിലും ദേശീയ ശരാശരിയേക്കാള്‍ മുന്നിലുള്ള കേരളത്തെ പട്ടിണിയുടെ പര്യായമായ സോമാലിയയോട്‌ ഉപമിച്ച മോഡി ആരോപണം പിന്‍വലിക്കണമെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്‌ ഉമ്മന്‍ ചാണ്ടി മോഡിക്ക്‌ കത്തയച്ചിട്ടുമുണ്ട്‌. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളേക്കാള്‍ എല്ലാ മേഖലകളിലും ഒന്നാം സ്‌ഥാനത്തു നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച മോദിക്ക്‌ സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടിയാണ്‌ നേരിട്ടിരിക്കുന്നത്‌.
വികസനകാര്യത്തില്‍ പന്ത്രണ്ടാം സ്‌ഥാനത്തു നില്‍ക്കുന്ന ഗുജറാത്തില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന മോഡി വികസനത്തില്‍ ഒന്നാം സ്‌ഥാനമുള്ള കേരളത്തെ സോമാലിയയോട്‌ ഉപമിക്കുന്നതാണു പലരുടെയും പരിഹാസം. ഒപ്പം അടിക്കടിയുള്ള വിദേശ യാത്രയും ബിരുദ വിവാദങ്ങളുമടക്കം മോഡിയെ വിടാതെ പിന്തുടരുന്ന എല്ലാ വിവാദങ്ങളും ഇപ്പോള്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്‌. കൂടാതെ മോഡിയുടെ ആരോപണം തെറ്റാണെന്നു തെളിയിക്കുന്ന സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലകളുടെ ചാര്‍ട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.