07:58am 3/6/2016
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ പര്യടനത്തിനായി ഇന്നു പുറപ്പെടും. അഫ്ഗാനിസ്ഥാന്, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്.എ., മെക്സിക്കോ എന്നീ രാജ്യങ്ങളാണു മോഡി സന്ദര്‍ശിക്കുന്നത്. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി.) അംഗത്വം നേടിയെടുക്കാന്‍ വേണ്ട പിന്തുണയുറപ്പിക്കുകയാണു മോഡിയുടെ സന്ദര്‍ശങ്ങളുടെ പ്രധാന ലക്ഷ്യം. സ്വിറ്റ്സര്‍ലന്‍ഡിന്റെയും മെക്സിക്കോയുടെയും പിന്തുണയാണ് 48 അംഗങ്ങളുള്ള എന്‍.എസ്.ജിയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഏഴിന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി നടക്കുന്ന കൂടിക്കാഴ്ചയിലും മോഡി ഈ വിഷയം ഉന്നയിക്കും. മേയ് 12 നാണ് ഇന്ത്യ എന്‍.എസ്.ജിയില്‍ അംഗത്വം നല്കാന് അപേക്ഷ നല്‍കിയത്. അഫ്ഗാനില്‍ മോഡി ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച അണക്കെട്ട് ഉദ്ഘാടനം ചെയ്യും. ഹെറാത് പ്രവിശ്യയിലാണ് അഫ്ഗാന്- ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഡാം (നേരത്തെ സല്‍മാ ഡാം) സ്ഥിതി ചെയ്യുന്നത്. അഫ്ഗാന് പ്രസിഡന്റ് അഷ്റാഫ് ഗനിയും മോഡിക്കൊപ്പമുണ്ടാകും. അഫ്ഗാനില്‍നിന്ന് മോഡി ഖത്തറിലേക്കു പോകും. അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, എമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍ താനി എന്നിവരുമായി മോഡി ചര്‍ച്ച നടത്തും.