മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന്ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ സുഖിപ്പിച്ചില്ലാ.

09:00 am 18/12/2016

images (5)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിട്ടുനില്‍ക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതിയെ ചൊടിപ്പിച്ചു. പ്രശാന്ത് ഭൂഷണ്‍ വിഷയമുന്നയിച്ചതില്‍ പ്രതിഷേധമറിയിച്ച ജസ്റ്റിസ് ഖേഹാര്‍ താന്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയാറാണെന്ന് അറിയിച്ചു. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര ഈ നടപടി കോടതിയലക്ഷ്യത്തിന് കാരണമാകുമെന്ന് ഓര്‍മിപ്പിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വലിയ വ്യവസായ ഗ്രൂപ്പില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം നല്‍കാന്‍ ജസ്റ്റിസ് ഖേഹാര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണ്‍ ഇത്തരമൊരാവശ്യമുന്നയിച്ചത്. ചില സമയത്ത് കോടതിയെ സഹായിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ നമുക്ക് സന്തുഷ്ടമല്ലാത്ത ഉത്തരവാദിത്തം നിറവേറ്റേണ്ടിവരുമെന്ന് പറഞ്ഞാണ് ഭൂഷണ്‍ ബെഞ്ച് മാറ്റത്തിനുള്ള ആവശ്യമുന്നയിച്ചത്. കോടതി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ തനിക്കതിലൊരു പ്രയാസവുമില്ളെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഈ വിഷയമുന്നയിക്കുന്നത് മാന്യമല്ളെന്നുപറഞ്ഞ ജസ്റ്റിസ് ഖേഹാര്‍ താങ്കള്‍ക്ക് എന്നില്‍ വിശ്വാസമില്ളെങ്കില്‍ കേസ് പരിഗണിക്കുന്ന സമയത്തുതന്നെ കാര്യം പറയാമായിരുന്നുവെന്ന് പ്രതികരിച്ചു. വിഷയം രണ്ടുതവണ കേട്ടതാണെന്നും ഇപ്പോള്‍ പിന്നെന്തിനാണ് ഉന്നയിക്കുന്നതെന്നും ചോദിച്ച ജസ്റ്റിസ് ഖേഹാര്‍ കേസ് കേള്‍ക്കുന്ന ബെഞ്ചില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.

ഭൂഷണോട് രൂക്ഷമായി പ്രതികരിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ഈ നടപടി കോടതിയലക്ഷ്യമാകുമെന്ന മുന്നറിയിപ്പും നല്‍കി. ഞങ്ങളുടെ ഭരണഘടനാപരമായ നിര്‍വഹണത്തിലാണ് താങ്കള്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. വിചാരണ വൈകിപ്പിക്കാനുള്ള ഭൂഷണിന്‍െറ വിലകുറഞ്ഞ തന്ത്രമാണിതെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി വിമര്‍ശിച്ചപ്പോള്‍ അത്തരം ഭാഷ ഉപയോഗിക്കരുതെന്ന് എ.ജിയോട് ജസ്റ്റിസ് ഖേഹാര്‍ ആവശ്യപ്പെട്ടു. തനിക്ക് വേദനിച്ചുവെന്നും കോടതിമുറിക്കകത്തും പുറത്തും തന്‍െറ അമര്‍ഷം പ്രകടിപ്പിക്കുമെന്നും രോഹതഗി പ്രതികരിച്ചു. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും രോഹതഗി പറഞ്ഞു. തുടര്‍ന്ന് കേസ് ജനുവരിയിലേക്ക് മാറ്റി.