മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

08:34 am 19/11/2016

images
തിരുവനന്തപുരം: യുക്തികൊണ്ട് നരേന്ദ്ര മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വലക്കാനുള്ള മോദി സര്‍ക്കാറിന്‍െറ തന്ത്രത്തിന് കേരളം ബദല്‍ ഉയര്‍ത്തും. സഹകരണ ബാങ്കില്‍നിന്ന് പണമെടുക്കാനാവാത്ത സാഹചര്യത്തിന് പകരം ചെക്ക് നല്‍കി വിനിമയം നടത്തുന്ന രീതി നടപ്പാക്കും.

ശനിയാഴ്ച ജില്ല ബാങ്ക് അധ്യക്ഷന്മാരുമായും സഹകാരികളുമായും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി പോയി നിവേദനം കൊടുത്ത് മടങ്ങുന്നതിനുമുമ്പ് എതിരായി ഉത്തരവിറക്കിയ ധാര്‍ഷ്ട്യത്തെ കേരളം അംഗീകരിക്കില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരങ്ങള്‍ മറന്ന് തങ്ങള്‍ എന്തും തീരുമാനിക്കും, അതനുസരിച്ച് സംസ്ഥാനങ്ങള്‍ നടന്നോളണം എന്ന് ഡല്‍ഹിയില്‍ തീരുമാനിച്ചാല്‍ അത് കേള്‍ക്കാന്‍ കേരളത്തിന് മനസ്സില്ല. അതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും. സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന ബി.ജെ.പി ഗൂഢാലോചന അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സഹകരണ ബാങ്കില്‍ കള്ളപ്പണമുണ്ടെങ്കില്‍ ഇക്കണോമിക് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കൈയിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അത് കണ്ടുപിടിക്കുകയാണ് വേണ്ടത്.

അരുണ്‍ ജെയ്റ്റ്ലിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതിയത്. എന്നാല്‍, അന്ന് വൈകീട്ടോടെ ജില്ല സഹകരണ ബാങ്കുകള്‍ക്കുണ്ടായിരുന്ന അധികാരംകൂടി പിന്‍വലിച്ച് ഉത്തരവിറക്കുകയായിരുന്നു റിസര്‍വ് ബാങ്ക്. അംബാനിയുടെ അളിയനാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍. അവര്‍ക്ക് കേരളത്തിലെ സഹകരണമേഖല കണ്ണിലെ കരടാണെന്നും ഐസക് ആരോപിച്ചു.