മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി

03:07 PM 14/07/2016
download (6)
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ.

ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണ് അഞ്ച് പ്രതികൾക്കെതിരെയും വിജിലൻസ് ചുമത്തിയിട്ടുള്ളത്. വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ ധർമവേദി ഉയർത്തി കൊണ്ടുവന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹരജി നൽകിയത്.

എസ്.എന്‍.ഡി.പി യോഗത്തിനു കീഴിലെ സ്വാശ്രയ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. 2003 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. പിന്നാക്ക വികസന കോര്‍പറേഷന്‍റെ നിബന്ധന പ്രകാരം അഞ്ചു ശതമാനം പലിശക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജ രേഖകളുണ്ടാക്കി പണം തട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി വിജിലൻസ് കോടതി നേരത്തെ വിലയിരുത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ അനുവദിച്ചിരുന്നു. എന്നാൽ, ഇതിനെ എതിർത്ത വി.എസ്. അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കോടതി നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ട് ഏഴു മാസം പൂര്‍ത്തിയായതായി അന്വേഷണസംഘം ഓര്‍മിക്കണമെന്നും കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സിന് നിലപാട് വ്യക്തമാക്കേണ്ടി വരുമെന്നും വിജിലൻസ് കോടതി ഓര്‍മിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ വിജിലൻസ് രജിസ്റ്റർ ചെയ്തത്.