മോദിക്ക് ടാൻസാനിയയിൽ വൻ വരവേൽപ്പ്

08:06 AM 10/07/2016
download (1)
ദാറിസ് സലാം: ദക്ഷിണാഫ്രിക്കൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമാ‍യ ടാൻസാനിയയിലെത്തി. ശനിയാഴ്ച രാത്രി വൈകി തലസ്ഥാനമായ ദാറിസ് സലാമിൽ വിമാനമിറങ്ങിയ മോദിയെ ടാൻസാനിയൻ പ്രധാനമന്ത്രി കാസിം മജാലിവ സ്വീകരിച്ചു. വിദേശകാര്യ മന്ത്രി ബർണാഡ് മെംബെയും സ്വീകരണ പരിപാടിയിൽ പങ്കെടുത്തതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു.

ടാൻസാനിയൻ പ്രധാനമന്ത്രി കാസിം മജാലിവയുമായി ഉഭയകക്ഷി ചർച്ച നടത്തുന്ന മോദി, പ്രസിഡന്‍റ് ജോൺ പോംബെ ജോസഫുമായി കൂടിക്കാഴ്ച നടത്തും. ടാൻസാനിയ സന്ദർശനം പൂർത്തിയാക്കി മോദി കെനിയയിലേക്ക് തിരിക്കും.

അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിൽ നാല് ആഫ്രിക്കൻ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. മൊസാബിക്കും ദക്ഷിണാഫ്രിക്കയും സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ടാൻസാനിയയിലെത്തിയത്. വ്യാപാരം, നിക്ഷേപം, ഹൈഡ്രോ കാർബൺ, സമുദ്ര സുരക്ഷ, കൃഷി, ഭക്ഷ്യവസ്തുക്കൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് മോദിയുടെ ആഫ്രിക്കൻ സന്ദർശനം ലക്ഷ്യമിടുന്നത്.