മോദി പ്രചാരണത്തിന് എത്തും

11:09 AM 03/05/2016
images (2)
തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഈമാസം ആറിന് സംസ്ഥാനത്ത് എത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അഞ്ചിനും എത്തും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, സ്മൃതി ഇറാനി എന്നിവരും പ്രചാരണത്തിന് എത്തും.
മോദിയുടെ പരിപാടിയുടെ പൂര്‍ണവിവരങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഈമാസം ആറിന് പാലക്കാട്ട് ഉച്ചക്ക് രണ്ടിനാണ് മോദിയുടെ ആദ്യപ്രചാരണയോഗം. എട്ടാം തീയതി തിരുവനന്തപുരത്ത് വൈകീട്ട് ആറിനും 12ാം തീയതി കാസര്‍കോട്ട് ഉച്ചക്ക് രണ്ടിനും ആലപ്പുഴ കുട്ടനാട്ടിലെ എടത്വയില്‍ അന്ന് വൈകീട്ട് നാലിനും എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ വൈകീട്ട് ആറിനും പ്രചാരണ യോഗങ്ങളില്‍ സംബന്ധിക്കും. എന്നാല്‍, ഇവിടങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്ന യോഗസ്ഥലം പിന്നീട് തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. ഈമാസം അഞ്ചിന് പത്തനംതിട്ടയിലെ റാന്നിയില്‍ രാവിലെ 11നാണ് അമിത്ഷായുടെ ആദ്യപ്രചാരണ യോഗം. അന്ന് ഉച്ചക്ക് 2.30ന് കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും വൈകീട്ട് നാലിന് എറണാകുളത്ത് പറവൂരിലും വൈകീട്ട് ആറിന് ആലുവയിലും പങ്കെടുക്കും.
ഈമാസം ആറിന് എത്തുന്ന രാജ്‌നാഥ് സിങ് കൊല്ലം ശാന്തിഗിരി ആശ്രമത്തില്‍ രാവിലെ ഒമ്പതിനും ചാത്തന്നൂരില്‍ 10.30നും ഭരണിക്കാവില്‍ ഉച്ചക്ക് 12നും തിരുവനന്തപുരം ആറ്റിങ്ങലില്‍ വൈകീട്ട് നാലിനും നെടുമങ്ങാട്ട് വൈകീട്ട് 5.40നും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.
ഏഴാം തീയതി തൃശൂര്‍ പുതുക്കാട്ട് രാവിലെ 10.30നും കോട്ടയം ഏറ്റുമാനൂരില്‍ ഉച്ചക്ക് 12നും പത്തനംതിട്ട ആറന്മുളയില്‍ വൈകീട്ട് നാലിനും ആലപ്പുഴ അരൂരില്‍ വൈകീട്ട് ആറിനും പരിപാടികളില്‍ സംസാരിക്കും.
വെങ്കയ്യനായിഡു ഈമാസം ഏഴിന് ഇടുക്കി തൊടുപുഴയില്‍ രാവിലെ 11നും തൃശൂര്‍ കുന്നംകുളത്ത് വൈകീട്ട് മൂന്നിനും ചേലക്കരയില്‍ വൈകീട്ട് അഞ്ചിനും സ്മൃതി ഇറാനി ഈമാസം എട്ടിന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ രാവിലെ 11.30നും ഇടുക്കി നെടുങ്കണ്ടത്ത് വൈകീട്ട് 3.30നും തൃശൂര്‍ ഗുരുവായൂരില്‍ വൈകീട്ട് 5.30നും സംസാരിക്കും.