09:30am 14/04/2016
ന്യൂഡല്‍ഹി: മ്യാന്മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായത്. ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തിീസ്ഗഢ് എന്നിവിടങ്ങളിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഓഫ് സീസ്‌മോളജിയിലെ ഓപറേഷന്‍സ് മേധാവി ജെ.എല്‍. ഗൗതം പറഞ്ഞു.
രാത്രി 7.25നാണ് ഭൗമോപരിതലത്തില്‍ നിന്ന് 134 കി.മീറ്റര്‍ താഴ്ചയില്‍ ചലനമുണ്ടായത്. മ്യാന്മറിലെ മാവ്‌ലൈഖില്‍ തെക്കുകിഴക്കന്‍ ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വിസ് അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ച ഉണ്ടായ രണ്ടാമത്തെ ഭൂകമ്പമാണിത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ രാവിലെ 9.26ന് റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ആഘാതം അനുഭവപ്പെട്ടത് പശ്ചിമ ബംഗാളിലാണ്. ഇവിടെ അഞ്ചു മിനിറ്റു നേരത്തേക്ക് മെട്രോ റെയില്‍ സര്‍വിസ് നിര്‍ത്തിവെച്ചു. ഗുവാഹതിയില്‍ ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും ഷില്‌ളോങ്ങില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഭൂകമ്പം അനുഭവപ്പെട്ട സംസ്ഥാനങ്ങളെല്ലാം സീസ്‌മോളജിക്കല്‍ മാപിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഭൂകമ്പഭീഷണിയുള്ള സോണ്‍ അഞ്ച് ആയാണ് പരിഗണിക്കപ്പെടുന്നത്.